Alcohol: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇനി വില കൂടും; ഇന്ന് മുതൽ 20 രൂപ അധിക ചാർജ്
Alcohol In Plastic Bottle To Cost Rs 20 More: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപയുടെ അധിക ചാർജ് ഇന്ന് മുതൽ നടപ്പിലാവും. ആദ്യ ഘട്ടത്തിൽ 20 ഷോപ്പുകളിലായാണ് പദ്ധതി നടപ്പാക്കുക.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്ന് (സെപ്തംബർ 10) മുതൽ വില കൂടും. 20 രൂപയുടെ അധിക ചാർജാണ് ഇന്ന് മുതൽ ഈടാക്കുക. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബെവറജസ് ഷോപ്പുകളിലായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്ലാസ്റ്റിക് കുപ്പികളിൽ സി ഡിറ്റ് തയ്യാറാക്കിയ ലേബൽ പതിപ്പിക്കും. 20 രൂപ അധിക ചാർജിന് പ്രത്യേക രസീതും നൽകും. പ്ലാസ്റ്റിക് കുപ്പി തിരികെനൽകുമ്പോൾ ഈ പണവും തിരികെലഭിക്കും. സി ഡിറ്റിൻ്റെ ലേബൽ ഇല്ലെങ്കിൽ പണം മടക്കിലഭിക്കില്ല. ലേബൽ നിർബന്ധമാണെന്ന് ബെവറജസ് കോർപ്പറേഷൻ എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.
20 രൂപയ്ക്ക് പ്രത്യേക ബിൽ എന്നത് ആദ്യഘട്ടത്തിൽ മാത്രമാവും. 2026 ജനുവരിയിലാണ് സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്ത് ഒറ്റ ബിൽ ആവും. ആദ്യ ഘട്ടത്തിൽ അതത് ഷോപ്പുകളിൽ വിൽക്കുന്ന കുപ്പികളാവും തിരിച്ചെടുക്കുക. പല കുപ്പികൾ ഒരുമിച്ച് കൊണ്ടുവന്നാലും സ്വീകരിക്കും. ഇതിനായി പ്രത്യേക കൗണ്ടറും സജ്ജീകരിക്കും. പണം തിരികെലഭിക്കുന്നതിന് പണമടച്ച രസീത് നിർബന്ധമല്ല. കുപ്പിയ്ക്ക് വാങ്ങുന്ന അധിക തുക പ്രത്യേക അക്കൗണ്ടിൽ, ഉപഭോക്താവിന് തിരികെ കൊടുക്കേണ്ട തുകയായിട്ടാവും സൂക്ഷിക്കുക.
ബെവറജസ് ഷോപ്പുകളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകരാവും കുപ്പികൾ ശേഖരിക്കുക. ഈ കുപ്പികൾ ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും. ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയിരിക്കുന്ന 20 ഷോപ്പുകളിലായി ഒരു മാസം 27 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ വിൽക്കുന്നുണ്ട്. ഇവ തിരികെ സ്വീകരിക്കുന്നതിൻ്റെ പരിമിതികളും പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷമാവും സംസ്ഥാനവ്യാപകമായി നടപ്പാക്കുക. സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കിയാൽ ഒരു മാസം നാല് കോടി വരെ പ്ലാസ്റ്റിക് കുപ്പികൾ തിരികെ എടുക്കേണ്ടിവരും.