ആലുവയിൽ കാറിനുള്ളിൽ യുവതി മരിച്ച നിലയിൽ , കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം
Two Day Old Body of Woman Found Inside Car In Aluva : ആലുവയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനിയായ അനില തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ചൂർണ്ണിക്കരയിലുള്ള ഫ്ലാറ്റിന്റെ പരിസരത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പുറകുവശത്തെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

പ്രതീകാത്മക ചിത്രം
കൊച്ചി : ആലുവ ചൂർണ്ണിക്കരയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനിയായ അനില തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ചൂർണ്ണിക്കരയിലുള്ള ഫ്ലാറ്റിന്റെ പരിസരത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പുറകുവശത്തെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഏകദേശം രണ്ടു ദിവസത്തെ പഴക്കം മൃതശരീരത്തന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്.
ഫ്ലാറ്റിൽ കഴിഞ്ഞ മൂന്നു മാസമായി അനില തനിച്ചാണ് താമസിച്ചിരുന്നത് എന്നാണ് വിവരം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ വ്യക്തിയുടെ ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിൻ സീറ്റിൽ ആണ് ഈ മൃതദേഹം കണ്ടെത്തുന്നത്. റോഡ് ടാക്സ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഫ്ലാറ്റിന്റെ പരിസരത്ത് ഏറെ നാളുകളായി കാർ ഉപയോഗിക്കാതെ നിർത്തിയിട്ടിരുന്നത്. അതുകൊണ്ടുതന്നെ ഈ കാർ അധികമാരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടായിരിക്കാം മരണ വിവരം പുറത്തറിയാൻ ഇത്രയും വൈകിയത്. ഉപയോഗിക്കാതെ കിടന്ന കാറിൽ ഇവർ എങ്ങനെ എത്തി എന്നാണ് പലരുടെയും സംശയം.
Also Read : മുത്തുമണിയേ… വീണ്ടും? പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി അറസ്റ്റിൽ
അനില തന്റെ വളർത്തു നായക്കൊപ്പം നടക്കാൻ പോകുന്നത് ഒഴിച്ചാൽ അയൽക്കാരുമായി അധികം സംസാരിക്കാത്ത വ്യക്തിയായിരുന്നു എന്നാണ് അടുത്ത താമസിക്കുന്നവർ പറയുന്നത്. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നും തിരുവനന്തപുരത്ത് കമ്പ്യൂട്ടർ അധിഷ്ഠിതമായ ജോലിയാണ് ചെയ്തു വന്നിരുന്നത് എന്നും ആണ് അവർ അയൽവാസികളോട് പറഞ്ഞിട്ടുള്ളത്.
സംഭവം ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്ന് പോസ്റ്റുമോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെ ആണ് മൃതദേഹം കണ്ടെത്തിയത്. സമയം വൈകിയതിനാൽ നാളെ രാവിലെ മാത്രമേ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കാനാകൂ. ഈ സാഹചര്യത്തിൽ കാറും പരിസരവും പോലീസ് തങ്ങളുടെ സുരക്ഷാ പരിധിയിൽ ആക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് ആരംഭിക്കുന്നതു വരെ മൃതദേഹം കാറിൽ തന്നെയാണ് ഉണ്ടാവുക. മരണപ്പെട്ട അനിലയുടെ ബന്ധുക്കളെ കണ്ടെത്താനും വിവരമറിയിക്കാനുമുള്ള ശ്രമവും പോലീസ് നടത്തി വരികയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ എന്താണ് മരണ കാരണം എന്ന് വ്യക്തമാവുകയുള്ളൂ. ഫ്ലാറ്റിലെ താമസക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമാണിത്.
English Summary
A young woman was found dead inside a parked car in Aluva. The deceased has been identified as Anila Thomas, a native of Kalladikkode, Mannarkkad. Her body was found on the back seat of a car that had been left unused near a flat in Choornikkara, Aluva.