Kerala Hello Nariyal : ഇനി ടാക്സി വിളിക്കും പോലെ തെങ്ങുകയറ്റക്കാരെയും വിളിക്കാം; കേരളത്തിലെ ‘ഹലോ നാരിയൽ’ മോഡലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Anand Mahindra praised the Kerala Coconut Climber Service: നിലവിൽ 150-ലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് കൃത്യമായ പരിശീലനം നൽകിയാണ് നിയോഗിക്കുന്നത്. ഒരു തെങ്ങിൽ കയറാൻ 60 രൂപയാണ് ഫീസ്. തൊഴിലാളികൾക്ക് മാസം 30,000 രൂപ മുതൽ 70,000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി. 1.25 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Hello Nariyal
തിരുവനന്തപുരം: കേരളത്തിലെ തെങ്ങുകയറ്റ മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തെ പ്രശംസിച്ച് പ്രമുഖ വ്യവസായിയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. പരിശീലനം ലഭിച്ച തൊഴിലാളി യൂണിഫോം ധരിച്ച് തെങ്ങുകയറ്റ യന്ത്രവുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം എക്സിൽ കുറിപ്പിട്ടത്. ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച ഐടി മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പരമ്പരാഗത ജോലികളിലേക്കും അത് പടരുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
എന്താണ് ‘ഹലോ നാരിയൽ’?
തിരുവനന്തപുരം കേന്ദ്രമായി കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘ഹലോ നാരിയൽ’. വെബ്സൈറ്റ് വഴിയോ ഫോൺ വഴിയോ ഇവരുടെ സേവനം ബുക്ക് ചെയ്യാം. നിലവിൽ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. മുൻ സൈനികനായ മോഹൻദാസ് ആണ് ഈ സംരംഭത്തിന് പിന്നിൽ.
തേങ്ങയിടാൻ ആളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമായാണ് മോഹൻദാസ് ഈ സ്ഥാപനം തുടങ്ങിയത്.
ALSO READ: മഴ പ്രതീക്ഷിക്കാം, ചൂട് കുറയുമോ? ഇന്നത്തെ കാലാവസ്ഥ
നിലവിൽ 150-ലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് കൃത്യമായ പരിശീലനം നൽകിയാണ് നിയോഗിക്കുന്നത്. ഒരു തെങ്ങിൽ കയറാൻ 60 രൂപയാണ് ഫീസ്. തൊഴിലാളികൾക്ക് മാസം 30,000 രൂപ മുതൽ 70,000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി. 1.25 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. എഐ വന്നാലും ഈ ജോലി പോകില്ല എന്നാണ് ഒരാളുടെ കമന്റ്. കേരളത്തിലെ നോക്കുകൂലി പ്രശ്നത്തെക്കുറിച്ചും ചിലർ കമന്റുകളിൽ പരാമർശിക്കുന്നുണ്ട്. ഏതായാലും പരമ്പരാഗത തൊഴിലിനെ സാങ്കേതികവിദ്യയുമായി കോർത്തിണക്കിയ ഈ മാതൃക രാജ്യത്തിന് തന്നെ അഭിമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.