Arjun Rescue Mission: ലോറി തീര്‍ച്ചയായും ലഭിക്കും, ഇപ്പോള്‍ എല്ലാം വ്യക്തമായി കാണാം; ഇനി വിപുലമായ തിരച്ചിലെന്ന് ഈശ്വര്‍ മല്‍പെ
Arjun Rescue Mission Updates: ലോറിയുടെ പിന്‍ഭാഗത്തുള്ള ടൂള്‍സ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഈ ജാക്കിയെന്നും അക്കാര്യത്തില്‍ യാതൊരു സംശയം ഇല്ലെന്നും മനാഫ് പറഞ്ഞു.
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനായി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ നാളെയും തിരച്ചില്‍. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. താന്‍ നടത്തുന്ന ദൗത്യത്തില്‍ അതിയായ ആത്മവിശ്വാസമുണ്ടെന്നും ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന തിരച്ചിലില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കും. വെയിലുള്ള സമയത്ത് തിരച്ചില്‍ നടത്തുന്നത് ഗുണകരമാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുങ്ങിതാഴുമ്പോള്‍ അടിഭാഗം വ്യക്തമായി കാണാനാകുന്നുണ്ട്. പുഴയുടെ അടിയെല്ലാം വ്യക്തമായി കാണുന്നതിന് വെയിലുള്ള സമയമാണ് നല്ലത്. രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈശ്വര്‍ മല്‍പെ നടത്തിയ തിരച്ചിലില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയിരുന്നു. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് അതെന്നും അര്‍ജുന്‍ ഉപയോഗിച്ച ലോറിയുടേതാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. പുതിയ ജാക്കിയാണ് വാഹനത്തിലുണ്ടായിരുന്നത്. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയത് തന്നെയാണ്. അതിനാല്‍ അത് അര്‍ജുന്റെ ലോറിയിലേതാണെന്ന് ഉറപ്പിക്കാമെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു.
Also Read: Wayanad Landslides: വയനാട്ടില്‍ വേറെയുമുണ്ട് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍: ജോണ്‍ മത്തായി
ലോറിയുടെ പിന്‍ഭാഗത്തുള്ള ടൂള്‍സ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഈ ജാക്കിയെന്നും അക്കാര്യത്തില്‍ യാതൊരു സംശയം ഇല്ലെന്നും മനാഫ് പറഞ്ഞു. ഹൈഡ്രോളിക് ജാക്കിയാണ് കണ്ടെത്തിയത്. ജാക്കി കൂടാതെ അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും മല്‍പെ കണ്ടെത്തിയിട്ടുണ്ട്.
അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നതാണ്. ലോറി പുഴയില്‍ തന്നെയുണ്ടാകാമെന്നതിന് ഒരു തെളിവ് ലഭിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ലോറി ഉടമ മനാഫും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു. ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് തിരച്ചില്‍ നടത്തിയത്. ബുധനാഴ്ച എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ എംഎല്‍എ ഉന്നയിച്ച ആരോപണം തള്ളി കേരളം. തൃശൂരിലെ ഡ്രെഡ്ജര്‍ തിരചിലിനു അനുയോജ്യമല്ലെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തൃശൂരില്‍ നിന്ന് ഡ്രജിംഗ് മെഷീന്‍ എത്തിക്കണമെന്ന ആവശ്യം കേരളം പരിഗണിച്ചില്ലെന്നും എംപിയും എംഎല്‍എയും അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സതീഷ് സെയില്‍ ആരോപണം ഉന്നയിച്ചിരുന്നത്.
കാര്‍വാര്‍ എംഎല്‍എയുടെ വാദത്തിനെതിരെ തൃശൂര്‍ ജില്ലാ ഭരണകൂടവും രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിലെ ഡ്രജര്‍ പ്രായോഗികമല്ലെന്ന് കര്‍ണാടകയെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. കാര്‍വാര്‍ കളക്ടറെ ഇതുമായി ബന്ധപ്പെട്ട വിവരം ഈ മാസം അഞ്ചിന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് വിദഗ്ധസംഘം അവിടെ എത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രായോഗികമല്ലെന്ന് അറിയിച്ചതെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
അതേസമയം, തിരച്ചില്‍ വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തിരച്ചില്‍ വീണ്ടും ആരംഭിക്കുന്നതിനായി കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെ നാവിക സേന കഴിഞ്ഞ ദിവസം പുഴയില്‍ പരിശോധന നടത്തിയിരുന്നു.
കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നും തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.
അര്‍ജുനായുള്ള തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി സമരമിരിക്കുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ വ്യക്തമാക്കിയിരുന്നു. തിരച്ചില്‍ നടത്തുന്നതിന് തീരുമാനമുണ്ടായില്ലെങ്കില്‍ അര്‍ജുന്റെ ഭാര്യയെയും അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം. അനാസ്ഥ കണ്ടുനില്‍ക്കാന്‍ സാധിക്കുന്നില്ല. നോട്ടുകളുടെ കാരണം പറഞ്ഞ് തിരച്ചില്‍ വൈകിപ്പിക്കുകയാണെന്നുമായിരുന്നു ജിതിന്‍ പറഞ്ഞത്.
ഈശ്വര്‍ മല്‍പെയെ തങ്ങളല്ല നിര്‍ബന്ധിച്ചത്. അദ്ദേഹം സ്വമേധയ തിരച്ചില്‍ നടത്താന്‍ തയാറായി വന്നപ്പോള്‍ ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കിയില്ല. കാലാവസ്ഥ അനുകൂലമായിരിക്കുകയാണ്. എന്നിട്ടും ഈശ്വര്‍ മല്‍പെയെ തിരച്ചില്‍ നടത്താന്‍ അനുവദിക്കുന്നില്ല. അര്‍ജുന് പകരം മന്ത്രി പുത്രന്മാര്‍ ആയിരുന്നുവെങ്കില്‍ അവസ്ഥ ഉണ്ടാകില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ആരോ തെറ്റിധരിപ്പിക്കുകയാണ്. മഴ ഇല്ലാതിരിന്നിട്ടും കാലാവസ്ഥ അനുകൂലമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തിരച്ചിലിന് യാതൊരു വിധ ഏകോപനവും നടക്കുന്നില്ല. എങ്ങനെയാണ് ഉപമുഖ്യമന്ത്രി ഇതെല്ലാം റയുന്നതെന്ന് മനസിലാകുന്നില്ല. നാല് നോട്ട് ആയാല്‍ സേനയെ ഇറക്കാമെന്നാണ് ആദ്യം പറഞ്ഞത് എന്നാല്‍ പ്പാള്‍ പറയുന്നു രണ്ട് നോട്ട് ആയാലെ തിരച്ചില്‍ ആരംഭിക്കാനാകുവെന്ന്. വൈരുധ്യമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ജിതിന്‍ പറഞ്ഞിരുന്നു.