Kochi Elevated Highway: കൊച്ചിക്കാര്‍ക്ക് വീണ്ടും നിരാശ; എലവേറ്റഡ് ഹൈവേ ഏപ്രിലിലും തുറക്കില്ല
Kochi Faces Setback as Aroor Thuravoor Elevated Highway Opening Delayed: ദേശീയപാത 66 ന്റെ മുകളിലൂടെ ഒരുങ്ങുന്ന 12.75 കിലോമീറ്റര്‍ നീളത്തിലാണ് ഈ പാത കടന്നുപോകുന്നത്. ഇവിടെ ഗര്‍ഡറുകളും റാംപുകളും സ്ഥാപിക്കുന്ന തിരക്കിലാണ് അധികൃതര്‍. അരൂരില്‍ നിന്ന് തുറവൂര്‍ തെക്കുഭാഗം വരെ പോകുന്ന ഈ ആറുവരിപ്പാത കൊച്ചിയിലേക്കുള്ള യാത്രയും എളുപ്പമാക്കും.

പ്രതീകാത്മക ചിത്രം
കൊച്ചി: ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ അലയുകയാണ് കൊച്ചിക്കാര്‍. ആളുകളുടെ എണ്ണം നഗരത്തില്‍ ദിനംപ്രതി ഉയരുന്നതിനാല്‍ യാത്ര അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ പാതകള്‍ വന്നെങ്കില്‍ മാത്രമേ, നിലവിലുള്ള ദുരിതത്തിന് പരിഹാരമാകൂ. എന്നാല്‍ കൊച്ചിക്കാരുടെ കാത്തിരിപ്പ് തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്. അവര്‍ ഏറെനാളായി കാത്തിരിക്കുന്ന അരൂര്‍-തുറവൂര്‍ പാത അടുത്തകാലത്തൊന്നും തുറന്നുകൊടുത്തേക്കില്ല.
ദേശീയപാത 66 ന്റെ മുകളിലൂടെ ഒരുങ്ങുന്ന 12.75 കിലോമീറ്റര്‍ നീളത്തിലാണ് ഈ പാത കടന്നുപോകുന്നത്. ഇവിടെ ഗര്‍ഡറുകളും റാംപുകളും സ്ഥാപിക്കുന്ന തിരക്കിലാണ് അധികൃതര്‍. അരൂരില്‍ നിന്ന് തുറവൂര്‍ തെക്കുഭാഗം വരെ പോകുന്ന ഈ ആറുവരിപ്പാത കൊച്ചിയിലേക്കുള്ള യാത്രയും എളുപ്പമാക്കും. ഇവര്‍ക്ക് മാത്രമല്ല, ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വഴി ലഭിക്കാന്‍ പോകുന്നത് വലിയ ആശ്വാസമാണ്.
എന്ന് തുറന്നുകൊടുക്കും?
2023 ഫെബ്രുവരി ഒന്നിനായിരുന്നു പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2026 ജനുവരി 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഡിസൈനില്‍ വരുത്തിയ മാറ്റങ്ങളാണ് പദ്ധതി വൈകുന്നതിന് വഴിയൊരുക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ ഉദ്ഘാടനം നടക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റിയും പറയുന്നു.
ശേഷിക്കുന്ന ഗര്‍ഡറുകള്‍ കൂടി സ്ഥാപിക്കുന്നതോടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം. എന്നാല്‍ വോട്ടെണ്ണലും മറ്റും കഴിഞ്ഞതിന് ശേഷമായിരിക്കും ഉദ്ഘാടനം. ആകെ 2,427.21 കോടി രൂപയ്ക്കാണ് പാത ഒരുക്കിയിരിക്കുന്നത്.