Asha Workers Salary Hike: ആശമാർക്ക് ആശ്വാസം; ധനസഹായം വർധിപ്പിക്കുമെന്ന് കേന്ദ്രം
കേരളത്തിന് തുകയൊന്നും നൽകാൻ ഇല്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ സിപിഐ അംഗം സന്തോഷ് കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് തുകയൊന്നും നൽകാൻ ഇല്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം ഇതുവരെ നൽകിയിട്ടില്ല എന്നും ജെപി നദ്ദയെ ഉദ്ദരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
രാജ്യസഭയിൽ വെച്ച് സന്തോഷ് കുമാർ എംപി ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് ചോദിച്ചത്. മറുപടിയായി ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ ജെപി നദ്ദ, എൻഎച്ച്എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കൂടാതെ, ദേശീയ ആരോഗ്യ മിഷനിൽ ആശ വർക്കർമാർക്കുള്ള കേന്ദ്ര വിഹിതം നൽകിയില്ലെന്ന കേരളത്തിന്റെ വാദം ശരിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
കേരളത്തിന് എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേരളം വിനിയോഗത്തിൻ്റെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി. കേരളത്തിൻ്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. കെ സി വേണുഗോപാൽ അടക്കമുള്ള എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ALSO READ: ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്ത്; പ്രധാന ഹബ്ബായി ഒമാൻ; പിന്നിൽ മലയാളികൾ അടങ്ങുന്ന വൻസംഘം
മുപ്പതിലേറെ ദിവസമായി കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചിട്ട്. വേദന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് അവർ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്. കേരളത്തിലെ ആശമാര്‍ക്ക് 7,000 രൂപയാണ് മാസവേതനം. തെലങ്കാന, കര്‍ണാടക, സിക്കിം എന്നീ സര്‍ക്കാരുകള്‍ ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചിരുന്നു. ഓണറേറിയും വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശ വർക്കർമാർ അറിയിച്ചിരുന്നത്. പ്രതിഫലവും ഇൻഷുറൻസുമൊഴികെ കേരളത്തിൽ ആശ വർക്കർമാർക്ക് തൊഴിലാളികൾക്ക് സമാനമായിട്ടുള്ള മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. ഇതിനെതിരെ പ്രതിശേഷം കനത്തതോടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.