Athulya Satheesh Death: അതുല്യ ഭര്‍ത്താവിൽ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനം, മുഖത്തും കഴുത്തിലും പാടുകൾ; ചിത്രങ്ങളും വീഡിയോകളും തെളിവ്
Athulya's Tragic Death in UAE: വീഡിയോയിൽ സതീഷ് മദ്യപിക്കുന്നതും, അശ്ലീലം സംസാരിക്കുന്നതും അടിക്കുന്നതുമെല്ലാം കാണാം. ഇതിനു പുറമെ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതുല്യയും സതീഷും
കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്നാണ് വിവരം. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കർ മദ്യപിച്ച് അതുല്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. അതുല്യ, തന്റെ സഹോദരിക്ക് അയച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്.
വീഡിയോയിൽ വളരെ മോശമായി സതീഷ് അതുല്യയോട് പെരുമാറുന്നത് കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. സതീഷ് അതുല്യയെ ഉപദ്രവിക്കാൻ പോകുമ്പോൾ അവൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയിൽ സതീഷ് മദ്യപിക്കുന്നതും, അശ്ലീലം സംസാരിക്കുന്നതും അടിക്കുന്നതുമെല്ലാം കാണാം. ഇതിനു പുറമെ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഭർത്താവ് സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അതുല്യയുടെ അച്ഛൻ പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം സതീഷും അതുല്യയും തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. ഇതിനു ശേഷം കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവർക്കും 10 വയസുള്ള മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾ ഒപ്പം നാട്ടിലാണ് താമസിക്കുന്നത്. ഷാർജ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.