Bengaluru-Kottayam Sleeper Bus Service: ബെംഗളൂരുവിൽ നിന്ന് കോട്ടയം എത്താൻ ഇനി എളുപ്പം … കർണാടക ആർടിസി ബസ് ഓടും തിങ്കളാഴ്ച മുതൽ
Bengaluru - Kottayam Route bus ticket price and timing: ശബരിമല തീർഥാടകർക്ക് സൗകര്യപ്രദമാകുന്നതിനായി കർണാടക ആർടിസിയുടെ ഐരാവത് വോൾവോ ബസ് സർവീസ് ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ആരംഭിച്ചു. ജനുവരി 18 വരെയാണ് ഈ സർവീസ് ലഭ്യമാവുക.
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് കർണാടക ആർടിസി (KSRTC) പുതിയ ‘അമ്പാരി ഉത്സവ്’ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഈ സർവീസ് ഡിസംബർ 1-ന് യാത്ര ആരംഭിക്കും.
ഈ അത്യാധുനിക സ്ലീപ്പർ ബസിന്റെ ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.30-ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 6 മണിക്ക് കോട്ടയത്ത് എത്തിച്ചേരും. കോട്ടയത്തു നിന്ന് വൈകിട്ട് 5.45-ന് പുറപ്പെടുന്ന സർവീസ് പിറ്റേദിവസം രാവിലെ 5.45-ന് ബെംഗളൂരുവിലും എത്തും.
പ്രധാന യാത്രാ റൂട്ട്
ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് പുതിയ സർവീസ് കടന്നുപോകുന്നത്. നിലവിൽ ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലും സെമി സ്ലീപ്പർ സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
പമ്പാ സർവീസ് തുടങ്ങി
ശബരിമല തീർഥാടകർക്ക് സൗകര്യപ്രദമാകുന്നതിനായി കർണാടക ആർടിസിയുടെ ഐരാവത് വോൾവോ ബസ് സർവീസ് ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ആരംഭിച്ചു. ജനുവരി 18 വരെയാണ് ഈ സർവീസ് ലഭ്യമാവുക. ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5 മണിക്ക് മൈസൂരുവിലെത്തും.
പിറ്റേദിവസം പുലർച്ചെ 6.45-നാണ് ഇത് പമ്പയിൽ എത്തുന്നത്. പമ്പയിൽ നിന്ന് വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7 മണിക്ക് മൈസൂരുവിലും രാവിലെ 10 മണിക്ക് ബെംഗളൂരുവിലും എത്തിച്ചേരും. ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് 1950 രൂപയും മൈസൂരുവിൽനിന്ന് 1855 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മൈസൂരു, ഗുണ്ടൽപേട്ട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, എരുമേലി വഴിയാണ് ഈ തീർഥാടക സർവീസ് നടത്തുന്നത്. തീർഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് പമ്പയിലേക്ക് കൂടുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.