Sabarimala Gold Scam: ‘മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ സംരക്ഷണ ദീപം തെളിയിക്കണം’; സ്വർണമോഷണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി
Sabarimala Gold Scam: ശബരിമലയിൽ കൊള്ള നടത്തുന്നവർക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും...
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി. മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണദീപം തെളിയിക്കണമെന്നും ഇതിൽ എല്ലാ അയ്യപ്പ വിശ്വാസികളും പങ്കെടുക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തു. ശബരിമലയിൽ കൊള്ള നടത്തുന്നവർക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന് ആഗ്രഹമുള്ള എല്ലാ വിഭാഗം ആളുകളെയും ഒന്നിച്ചു ചേർത്തുകൊണ്ടുള്ള ഒരു വലിയ പ്രക്ഷോഭത്തിനായാണ് ബിജെപി ഒരുങ്ങുന്നത്. ജനുവരി 14 ബുധനാഴ്ച മകരവിളക്ക് ദിനത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും മറ്റു പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ശബരിമല സംരക്ഷണദീപം തെളിയിക്കുവാൻ തീരുമാനിച്ചതായും എം ടി രമേശ് അറിയിച്ചു.
കേരളത്തിനകത്തും പുറത്തുള്ള എല്ലാ അയ്യപ്പ വിശ്വാസികളും മകരജ്യോതി തൊഴുന്ന ദിവസമാണ് അന്ന്. ആ ദിവസത്തിൽ തന്നെ ശബരിമല കൊള്ളയടിക്കാൻ ശ്രമിക്കുന്ന ഈ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ആവശ്യമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ശബരിമല സംരക്ഷണ നിയമം തെളിയിക്കുന്നതിനായി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമലയിലെ വിഷയം യുഡിഎഫിനാണ് ഗുണം ചെയ്തത് എന്ന് തിരിച്ചറിവിൽ നിന്നാണ് ബിജെപി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ പ്രക്ഷോഭത്തിന് മുതിരുന്നത് എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം കോൺഗ്രസിന് ഒരു മുതൽക്കൂട്ടാകും എന്ന് മുൻകൂട്ടി കൊണ്ടാണ് ബിജെപി ഇപ്പോൾ ശബരിമല വിഷയത്തിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്കായി ഒരുങ്ങുന്നത്. ശബരിമല വിഷയത്തിൽ ആത്മാർത്ഥമായി നിലപാടെടുക്കുന്നതും ഇടപെടുന്നതും ബിജെപി ആണ് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം.
ശബരിമലയിലെ സ്വർണ മോക്ഷണത്തിൽ എൽഡിഎഫും യുഡിഎഫും ഒരേപോലെ കുറ്റക്കാരാണെന്നും അതുകൊണ്ടുതന്നെ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും കഴിഞ്ഞദിവസം കോർ കമ്മിറ്റി യോഗത്തിൽ ബിജെപി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശബരിമല സംരക്ഷണദീപം തെളിയിക്കുക എന്നത് അടക്കമുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.