Cambodia Job Scam : കംബോഡിയയിൽ തൊഴിൽത്തട്ടിപ്പിനിരയായ മലയാളികളിൽ ഏഴ് പേർ നാട്ടിൽ തിരികെയെത്തി; ഒരാളെ കൊണ്ടുവരാൻ ശ്രമം തുടരുന്നു
Cambodia Job Scam Seven Malayali Youtn Returned Home : കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളി സംഘം നാട്ടിൽ തിരികെയെത്തി. ഏഴ് പേരടങ്ങുന്ന സംഘമാണ് തിരികെയെത്തിയത്.

കംബോഡിയയിൽ തൊഴിൽത്തട്ടിപ്പിനിരയായ മലയാളികളിൽ ഏഴ് പേർ നാട്ടിൽ തിരികെയെത്തി. ഏഴംഗ സംഘം ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. മലേഷ്യയിൽ നിന്നാണ് ഇവർ എത്തിയത്. ഒക്ടോബർ മൂന്നിന് പോയ സംഘം കംബോഡയിലെ തട്ടിപ്പ് സംഘത്തിൻ്റെ കയ്യിൽ അകപ്പെടുകയായിരുന്നു. ഒരാളെ നാട്ടിൽ തിരികെ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്.
മണിയൂർ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽ ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തൽ അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ, ബെംഗളൂരുവിലെ റോഷൻ ആന്റണി എന്നിവരാണ് കംബോഡിയയിൽ നിന്ന് നാട്ടിലെത്തിയത്. തട്ടിപ്പ് സംഘം ക്രൂരമായി മർദ്ദിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് മലയാളികൾ രക്ഷപ്പെട്ടത്. തുടർന്ന് ഇവർ കംബോഡിയയിലെ ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു. ഇവിടെനിന്നാണ് വിവരം നാട്ടിലറിഞ്ഞത്.
Also Read : Kollam Murder: കൊല്ലത്ത് വഴിതടഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊന്നു
ഷാഫി പറമ്പിൽ എംപിയാണ് ഇവരെ തിരികെയെത്തിക്കാൻ മുൻകൈയെടുത്തത്. എംഎൽഎമാരായ കെപി മുഹമ്മദ് കുട്ടി, കെകെ രമ എന്നിവരും വിഷയത്തിൽ ഇടപെട്ടു. മലയാളികളുടെ കാര്യം ഇവർ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ എംബസിയുടെ സഹായം തേടി. സംഘത്തിലെ രണ്ട് പേരുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ വിമാനത്താവളത്തിൽ പിഴയടയ്ക്കാൻ സഹായം ചെയ്തത് ഷാഫി പറമ്പിൽ എംപിയാണ്.
കംബോഡിയയിൽ സൈബർ തട്ടിപ്പുകാരുടെ സ്ഥാപനത്തിൽ അകപ്പെട്ട പേരാമ്പ്ര സ്വദേശി അബിൻ ബാബുവിനെ തട്ടിക്കൊണ്ടുപോയതിന് നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. അനുരാഗ്, സെമിൽ എന്നിവരുടെയും കണ്ടാലറിയുന്ന രണ്ടാളുകളുടെയും പേരിലാണ് പേരാമ്പ്ര പോലീസ് കേസെടുത്തത്. അബിൻ ബാബുവിൻ്റെ പിതാവിൻ്റെ പരാതിയിലാണ് കേസ്. അബിനെ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സന്ദർശക വീസയിൽ ജോലിയെന്ന് കേൾക്കുമ്പോൾ ചാടിവീഴരുതെന്ന് നോർക്ക മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദർശകവീസയിൽ വിദേശരാജ്യങ്ങളിലെത്തുന്നവർക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് തന്നെ തെറ്റാണ്. എത്തുന്നത് കെണിയിലേക്കാവാമെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി മുന്നറിയിപ്പ് നൽകിയിരുന്നു.