Palakkad: പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു
Car explodes in Palakkad: ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര മാസം മുമ്പാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ കാൻസർ ബാധിതനായി മരിച്ചത്.
പാലക്കാട്: പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പരേതനായ മാര്‍ട്ടിന്‍ – എല്‍സി ദമ്പതിമാരുടെ മക്കളായ എംലീന മരിയ മാര്‍ട്ടിന്‍ (4), ആൽഫ്രഡ് മാർട്ടിൻ(6) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വീടിന് മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു. അപകടത്തിൽ എൽസി, മക്കളായ അലീന, ആൽഫ്രഡ്, എംലീന എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ പഎംലീനയും ആൽഫ്രഡും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ എംലീനയും മണിക്കൂറുകൾക്കുള്ളിൽ ആൽഫ്രഡും മരണത്തിന് കീഴടങ്ങി.
മാരകമായി പരിക്കേറ്റ എൽസി ചികിത്സയിലാണ്. അലീന അപകട നില തരണം ചെയ്തതായാണ് വിവരം. നഴ്സായ എൽസി ജോലി കഴിഞ്ഞെത്തി വീടിന് മുന്നിൽ കാർ നിർത്തിയിട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം മക്കളുമായി പുറത്ത് പോകുന്നതിനായി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്‌സിക്ക് പൊള്ളലേറ്റിരുന്നു.
ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സമീപത്തെ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര മാസം മുമ്പാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ കാൻസർ ബാധിതനായി മരിച്ചത്.