Ernakulam Viral Meningitis Case: കളമശ്ശേരിയിൽ വീണ്ടും സെറിബ്രല്‍ മെനഞ്ചൈറ്റിസ്; ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Cerebral Meningitis in Kalamassery: നേരത്തെ മൂന്ന് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഒരു കുട്ടിക്ക് കൂടി സെറിബ്രൽ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കളമശ്ശേരി സെന്റ് പോൾസ് സ്കൂളിലെ വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സെറിബ്രൽ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌കൂൾ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ ഏഴും എട്ടും വയസുള്ള വിദ്യാർത്ഥികളാണ് രോഗ ലക്ഷണങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത പനി, തലവേദന, ഛർദി എന്നിവയെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. നേരത്തെ മൂന്ന് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.
ALSO READ: മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു
സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സെറിബ്രൽ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങളുള്ള കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പർക്കം പുലർത്തിയവർ മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.
അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുടിവെള്ളത്തിന്റെ സാംപിളെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ, കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം സ്കൂളിലെത്തി വിശദമായ പരിശോധനയും നടത്തിയിരുന്നു.