ചേരാനല്ലൂർ അപകടം: മുൻകൂർ ജാമ്യം വേണം, രണ്ടാം പ്രതിയായ ജഡ്ജി ഹൈക്കോടതിയിൽ; അറസ്റ്റിൽ തീരുമാനം ഇന്നറിയാം
Cheranalloor accident: പ്രായപൂർത്തി ആകാത്തയാൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ അഡീഷണൽ സെഷൻസ് ജഡ്ജി പ്രതിയായത്. കേസിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമോ എന്നുള്ള വിവരങ്ങൾ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകാൻ ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Cheranalloor Accident Accused Judge Seeks Anticipatory Bail In High Court
കൊച്ചി: ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകടയുടമയായ സ്കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ പിതാവും വാഹന ഉടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജി മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഈ ഹർജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന്റെ മുമ്പാകെയാണ് ഹർജി എത്തുക. പ്രായപൂർത്തി ആകാത്തയാൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. കേസിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമോ എന്നുള്ള വിവരങ്ങൾ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ജഡ്ജിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സംഘം കഴിഞ്ഞദിവസം ഫ്ളാറ്റിലെത്തി ജഡ്ജിയെ ചോദ്യംചെയ്തിരുന്നു. പിന്നാലെ ബുധനാഴ്ച ഉച്ചയോടെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചോദ്യംചെയ്തു. ഇതിന്റെ തുടർച്ചയായി ഇന്നും ചോദ്യം ചെയ്യൽ തുടരും.
ALSO READ: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ബുധനാഴ്ച ഹൈക്കോടതിയിലെത്തി രജിസ്ട്രാർ ജനറൽ ജി. ഗോപകുമാറിനെക്കണ്ട് ജഡ്ജിക്കെതിരേ നിയമപരമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകി. അതേസമയം, അഡീഷണൽ സെഷൻസ് ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
വിദ്യാർഥി കാർ എടുത്തുകൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിലടക്കം വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിനായി ഹൈക്കോടതി കാക്കുന്നത്. അതേസമയം, താനറിയാതെയാണ് മകൻ കാറുമായി പുറത്തു പോയതെന്ന് കുട്ടിയുടെ പിതാവായ ജഡ്ജ് ക്രൈംബ്രാഞ്ചിനുമുന്നിലും ആവർത്തിച്ചു. ചേരാനല്ലൂർ സ്റ്റേഷനിൽ വെച്ച് ഇക്കാര്യം പറയുകയും ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശം പോലീസിനെ കാണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ അന്ന് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്നത്.
ഇതിനിടെ, ജഡ്ജിയുടെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 17 വയസുകാരൻ കാർ ഓടിക്കുമ്പോൾ ചിത്രീകരിച്ച മൂന്ന് വീഡിയോകൾ പൊലീസ് കണ്ടെടുത്തു. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് ഈ വീഡിയോകളിൽ വ്യക്തമാണെന്നും ഇത് നിർണായക തെളിവായി മാറുമെന്നുമാണ് റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയായ 17 വയസുകാരനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഇത് വെള്ളിയാഴ്ച വാദംകേൾക്കാനായി മാറ്റിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും പ്രതിയുടെ ജാമ്യത്തെ എതിർത്ത് കക്ഷി ചേർന്നിട്ടുണ്ട്. ഈ കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് എതിരേ സർക്കാർ കഴിഞ്ഞ ദിവസം നടപടിയെടുത്തു.
English Summary
In the incident at Cheranalloor where a scooter-borne street-food vendor, Jayabalakrishnan, was killed after being struck by a Mercedes-Benz driven by a 17-year-old, the second accused, who is also the owner of the vehicle and an Additional Sessions Judge, has approached the High Court seeking anticipatory bail. The High Court is set to consider the petition today; it will come up before the bench of Justice Kauser Edappagath. The Crime Branch team investigating the case is scheduled to question the judge again today.