Masappadi Case: മാസപ്പടി കേസിൽ ഇനിയെന്ത്? സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്
CMRL - EXalogic Masappadi Case High Court Verdict: കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ നിർണായക യോഗം നടക്കും. വീണ വിജയൻ അടക്കമുള്ളവർക്കെതിരായ തുടർനീക്കവും, റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമണവും യോഗത്തിൽ ചർച്ചയാകും.
കൊച്ചി: മാസപ്പടി കേസിൽ ഇഡിക്കും സിഎംആർഎല്ലിനും ഇന്ന് നിർണായക ദിനം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സിഎംആർഎൽ വാദിച്ചു. ഇഡി റെയ്ഡിന് പിന്നാലെ സംഘർഷങ്ങളും പ്രതിഷേധനങ്ങളും ഉണ്ടായ സാഹചര്യത്തിൽ ഇന്നത്തെ വിധി ഇഡിക്കും വളരെ പ്രധാനമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് മാസപ്പടി കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്‌ഡിനും പിന്നാലെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഇഡി വീണ്ടും സമൻസ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
അതേസമയം, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ നിർണായക യോഗം നടക്കും. വീണ വിജയൻ അടക്കമുള്ളവർക്കെതിരായ തുടർനീക്കവും, റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമണവും യോഗത്തിൽ ചർച്ചയാകും.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസ്, സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎംആർഎൽ അപ്പീൽ നൽകിയത്.
ALSO READ: ഇ ഡി സംഘത്തെ ആക്രമിച്ച പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ റിപ്പോർട്ടുകൾ? പോലീസിനെതിരെ ആരോപണം
പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ സിപിഎം നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേരാണ് വീടിന് മുമ്പിൽ തടിച്ചുകൂടി പ്രതിഷേധിച്ചത്. ഇഡി ഉദ്യോഗസ്ഥർ വന്ന വാഹനം തകർക്കുകയും റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ, കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുകയാണ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
English Summary:
The High Court verdict on the petition filed by CMRL Company seeking to stop the ED investigation in the CMRL Masappadi Case is today. CMRL Company filed an appeal in the High Court after the ED conducted raids, including at the residence of former Chief Minister and Opposition Leader Pinarayi Vijayan.