Salim Kumar: മാനസികാരോഗ്യാവസ്ഥയെ പരിഹസിച്ചു; നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Complaint Agianst Salim Kumar: വിവാദ പ്രസ്താവന നടത്തിയ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി മുരളീധരൻ നൽകിയ പരാതിയിൽ പറയുന്നു. രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് കാരണമാകുമെന്നാണ് പരാതിയിൽ പറയുന്നത്.

Salim Kumar
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് യോഗത്തിൽ നടൻ സലീംകുമാർ നടത്തിയ പരാമർശങ്ങളിൽ കുരുക്ക് മുറുകുന്നു. മാനസികാരോഗ്യാവസ്ഥയെ മോശമായും അവഹേളനപരമായും ചിത്രീകരിച്ചെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
പൊതുയോഗത്തിൽ ഇത്തരത്തിൽ പരിഹസിച്ച് പ്രസംഗിച്ചതിന് നടപടിയെടുക്കണമെന്നും നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് (എൻപിആർഡി) കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് നടൻ്റെ പരാമർശം ഉന്നയിച്ചത്.
വിവാദ പ്രസ്താവന നടത്തിയ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി മുരളീധരൻ നൽകിയ പരാതിയിൽ പറയുന്നു. രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് കാരണമാകുമെന്നാണ് പരാതിയിൽ പറയുന്നത്.
പ്രമുഖ വ്യക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. 2016-ലെ ഭിന്നശേഷി നിയമത്തിൻ്റെയും 2017-ലെ മാനസികാരോഗ്യ നിയമത്തിൻ്റെയും വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം പ്രസ്താവനകൾ. തോരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിൽ യാതൊരു പ്രസ്താവനയും പാടില്ലെന്ന് 2023-ൽ തെരഞ്ഞെടുപ്പു കമ്മിഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ വ്യക്തമാക്കി.
സലിം കുമാറിൻ്റെ പ്രസ്താവന
‘’കുറച്ച് മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടു. അതിൽ പറയുന്നു -അദ്ദേഹത്തിൻറെ ബന്ധുവാണോ സുഹൃത്താണോ എന്ന് അറിയില്ല- സുഹൃത്തിൻ്റെ മകൻ അമേരിക്കയിൽ നിന്ന് വന്നു. അമേരിക്കയിൽ നിന്ന് വന്നിട്ട് കേരളം കണ്ടിട്ട് ആ പയ്യൻ പറഞ്ഞു, കേരളത്തിൽ ഇതെന്തൊരു മാറ്റമാണ്? അമേരിക്ക പോലും തോറ്റുപോകും എന്ന്. അപ്പോൾ എനിക്ക് സംശയമായി, ഈ പയ്യൻ ആരായിരിക്കും? എവിടെ ഉണ്ടാകും എന്നൊക്കെ? അങ്ങനെ ആ പയ്യനെ ഞാൻ അന്വേഷിച്ചു, പയ്യനെ കാണാൻ പറ്റി. നമ്മടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിൽ.
കാരണം, ഞാൻ അവൻ്റെ അച്ഛനോട് തിരക്കി, എന്താ ഇവിടെ കിടത്തിയതെന്ന്? സലീമിന് അറിയാമല്ലോ, രണ്ട് മൂന്ന് പ്രാവശ്യം സലീം അമേരിക്കയ്ക്ക് വന്നതല്ലേ? ഈ കേരളം കണ്ടിട്ട് അമേരിക്കയാന്ന് അവൻ പറഞ്ഞു, അപ്പോത്തന്നെ അവന് കുഴപ്പമുണ്ടെന്ന് എനിക്ക് മനസിലായി. അതിൻറെ പേരിലാ ഞാൻ ഇവിടെ അഡ്മിറ്റാക്കിയത്.” എന്നായിരുന്നു സലിം കുമാർ നടത്തിയ പ്രസ്താവന.