Cyber Fraud: കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സപ്പ് അക്കൗണ്ട്; പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം
Cyber Fraud Using Police Chief Whatsapp In Kollam: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം. ജില്ലാ പോലീസ് മേധാവിയുടെ പേരിലെ വാട്സപ്പ് അക്കൗണ്ടിൽ നിന്നായിരുന്നു തട്ടിപ്പിൻ്റെ ശ്രമം.

പ്രതീകാത്മക ചിത്രം
പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഘത്തെപ്പറ്റി അന്വേഷണം. കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാട്സപ്പ് അക്കൗണ്ട് ഉണ്ടാക്കി പോലീസുകാരിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. കൊല്ലം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതതായി പോലീസ് അറിയിച്ചു.
+9779702927435 എന്ന വാട്സപ്പ് നമ്പരിൽ നിന്ന് പല പോലീസ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം വാട്സപ്പ് മെസേജ് വന്നിരുന്നു. കൊല്ലം റൂറൽ പോലീസിൽ ജോലി ചെയ്യുന്നവർക്കാണ് മെസേജ് വന്നത്. ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടികെയുടെ ഇമേജാണ് ഈ നമ്പരിലെ വാട്സപ്പ് ഡിപി ആയി ഉണ്ടായിരുന്നത്. “തട്ടിപ്പുകാരൻ പോലീസ് ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യുകയും 40,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അടിയന്തിര ആവശ്യമുണ്ടെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, ഇത്തരം തട്ടിപ്പുകളെപ്പറ്റി അറിവുള്ള പോലീസ് ഉദ്യോഗസ്ഥർ വിവരം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവർക്ക് ആർക്കും പണം നഷ്ടമായിട്ടില്ല.”- പോലീസ് വിശദീകരിച്ചു.
സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ ആണ് സൈബർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വഞ്ചന, ആൾമാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ ന്യൂഡൽഹിയിലെ സോൺഗേറ്റിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.