Bus Harassment Case: ‘യുവതിക്കെതിരെ ഏതറ്റം വരെയും പോകും’; ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Deepak’s Family Files Complaint Over False Harassment: ദീപക്കിന്റെ മരണത്തിന് ശേഷവും അയാള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി ആവര്‍ത്തിച്ചു. വടകര പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പരാതി നല്‍കിയിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആത്മഹത്യ ചെയ്ത ദീപക്ക്
കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാണിച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യുവതിക്കെതിരെ പരാതി നല്‍കി ദീപക്കിന്റെ ബന്ധുക്കള്‍. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും കുടുംബം പറഞ്ഞു. മുഖ്യമന്ത്രിക്കും കമ്മീഷണര്‍ക്കുമാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ ബസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് യുവതി ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. പയ്യന്നൂരിലേക്കുള്ള സ്വകാര്യ ബസില്‍ വെച്ചായിരുന്നു ദീപക്കില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാണിച്ച് പൊതുപ്രവര്‍ത്തക കൂടിയായ യുവതി വീഡിയോ പങ്കിട്ടത്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ വെച്ച് ദീപക്ക് ആത്മഹത്യ ചെയ്യുകയായിരുന്നു.
വ്യാജ ആരോപണത്തില്‍ മനംനൊന്താണ് ദീപക്ക് ആത്മഹത്യ ചെയ്തതെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. മുഖ്യമന്ത്രിക്ക് പുറമെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് ഇവര്‍ പരാതി നല്‍കിയത്. യുവതിക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കുന്നു. ദീപക്കിന്റെ അസ്വാഭാവിക മരണത്തിന് കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇനി അന്വേഷണം ആരംഭിക്കാനാണ് സാധ്യത.
ദീപക്കിന്റെ മരണത്തിന് ശേഷവും അയാള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി ആവര്‍ത്തിച്ചു. വടകര പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പരാതി നല്‍കിയിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ യുവതി നിരത്തിയ ഈ അവകാശവാദം വടകര പോലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.