Ottappalam: ഒറ്റപ്പാലത്ത് ദമ്പതിമാരെ വെട്ടിക്കൊന്നു, നാല് വയസുകാരന് ഗുരുതര പരിക്ക്; മരുമകൻ പിടിയിൽ
Double Murder In Ottappalam: ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം. ദമ്പതിമാരെ മരുമകൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം
ഒറ്റപ്പാലത്ത് ദമ്പതിമാരെ വെട്ടിക്കൊന്നു. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിൻ്റെ നാല് വയസുള്ള മകന് ഗുരുതരമായി പരിക്കേറ്റു. സുൽഫിയത്ത് പരിക്കേറ്റ മകനുമായി വീടിന് പുറത്തെത്തിയപ്പോഴാണ് നാട്ടുകാർ കൊലപാതകവിവരം അറിയുന്നത്. സംഭവത്തിൽ സുൽഫിയത്തിൻ്റെ ഭർത്താവ് മുഹമ്മദ് റാഫി പിടിയിലായി.
വിവരമറിഞ്ഞ് പോലീസെത്തുമ്പോൾ വീട്ടിൽ നിന്ന് സുൽഫിയത്തിൻ്റെ ഭർത്താവായ മുഹമ്മദ് റാഫി ഓടി രക്ഷപ്പെടുന്നതായാണ് കണ്ടത്. പൊന്നാനി സ്വദേശിയാണ് മുഹമ്മദ് റാഫി. കൈഞരമ്പ് മുറിച്ച നിലയിലായിരുന്ന ഇയാൾ സമീപത്തെ പള്ളിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി നാട്ടുകാരും പോലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ശേഷം പുലർച്ചെ നാല് മണിയോടെ റാഫിയെ കണ്ടെത്തുകയായിരുന്നു.
രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. ഗുരുതര പരിക്കേറ്റ നാല് വയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.