AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drug Gang Attacks: കഞ്ചാവ് വിൽപനയെ പറ്റി പോലീസിനെ അറിയിച്ചു; പിന്നാലെ യുവാക്കളെ വെട്ടി ലഹരി സംഘം

Drug Gang Attacks Brothers :വാളുകൊണ്ട് രതീഷിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ രതീഷിൻ്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും വെട്ടേറ്റു. ഇത് ചെറുക്കാനായി എത്തിയ അനുജൻ രജനീഷിനെ മൺവെട്ടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു.

Drug Gang Attacks: കഞ്ചാവ് വിൽപനയെ പറ്റി പോലീസിനെ അറിയിച്ചു; പിന്നാലെ യുവാക്കളെ വെട്ടി ലഹരി സംഘം
പരിക്കേറ്റ യുവാവ്Image Credit source: social media
Sarika KP
Sarika KP | Published: 18 Apr 2025 | 03:25 PM

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോടിൽ ലഹരിസംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിനു പിന്നാലെയാണ് അക്രമണം. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങൾ രതീഷ്, രജനീഷ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘമാണ് യുവാക്കളെ വെട്ടിയത്.

പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.വീടിന് സമീപത്തായി രതീഷും രജനീഷും ഒരു പശു ഫാം നടത്തി വരുന്നുണ്ട്. ഇതിനടുത്തായി ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇവർ ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാല് നൽകി തിരികെ വരികയായിരുന്ന രജനീഷിനെ ലഹരി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാൽ ഉടനെ പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി പരാതി നൽകുകയായിരുന്നു.

Also Read:ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ്’ എത്തിയില്ല, കാത്തിരുന്നത് രണ്ടു മണിക്കൂർ: രോഗി മരിച്ചു

സംഘത്തിനെതിരെ നടപടി എടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകി. ഇതിനു ശേഷം ഫാമിലേക്ക് എത്തിയപ്പോഴാണ് രതീഷിനെയും രജനീഷിനെയും ലഹരിസംഘം ക്രൂരമായി ആക്രമിച്ചത്. പോലീസിന് നൽകിയ വിവരം ചോർന്നുവെന്നാണ് ഉയരുന്ന ആരോപണം.വാളുകൊണ്ട് രതീഷിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ രതീഷിൻ്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും വെട്ടേറ്റു. ഇത് ചെറുക്കാനായി എത്തിയ അനുജൻ രജനീഷിനെ മൺവെട്ടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു. പരിക്കേറ്റ ഇവരെ കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഇവിടെയും സംഘം എത്തുകയും പരിക്കേറ്റവരുടെ മുന്നിൽ വെച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു.മെഡിക്കൽ കോളേജ് പോലീസ് പോത്തൻകോട് പോലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മംഗലപുരം എസ് എച്ച് ഒ പോത്തൻകോട് സ്റ്റേഷനിൽ എത്തിയാണ് പുലർച്ചെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.