AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala ebola Outbreak: ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

Ebola Suspected in Kerala: വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. സാധാരണ ആരോഗ്യവുമുള്ളവരിൽ രോഗം കുറച്ചു ദിവസങ്ങൾ കൊണ്ട് മാറാമെങ്കിലും, ചിലരിൽ 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഗുരുതരമായ ആന്തരിക രക്തസ്രാവം ഉണ്ടാകാം. ഇത് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.

Kerala ebola Outbreak: ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
Ebola Outbreak (1)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 18 Jun 2026 | 02:35 PM

കോട്ടയം: ഉഗാണ്ടയിൽ നിന്നെത്തിയ 52 വയസ്സുകാരിയെ എബോള വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയതെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ പാടില്ലാത്തതിനാലാണ് ഈ നടപടിയെന്നും, യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സുഡാനിൽ നിന്ന് ഉഗാണ്ടയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കുമാണ് യുവതി എത്തിയത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഉഗാണ്ടയിൽ നിന്നാണ് വന്നതെന്ന പശ്ചാത്തലവും രോഗലക്ഷണങ്ങളും കണക്കിലെടുത്ത് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നേരത്തെ തന്നെ എബോള ജാഗ്രതാ നിർദ്ദേശം (അലർട്ട്) നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്താണ് എബോള?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു മാരകമായ വൈറസ് രോഗമാണിത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിൽ ഈ രോഗം കാണപ്പെടുന്നു. രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. എന്നാൽ വായുവിലൂടെയോ വെള്ളത്തിലൂടെയോ ഈ രോഗം പകരില്ല.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. സാധാരണ ആരോഗ്യവുമുള്ളവരിൽ രോഗം കുറച്ചു ദിവസങ്ങൾ കൊണ്ട് മാറാമെങ്കിലും, ചിലരിൽ 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഗുരുതരമായ ആന്തരിക രക്തസ്രാവം ഉണ്ടാകാം. ഇത് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.

ആഫ്രിക്കയിലെ എബോള വ്യാപനം

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോളയുടെ അപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ പടർന്നുപിടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എബോള വൈറസിന്റെ ലഭ്യമായ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. നിലവിൽ ഇതിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് എബോളയുടെ മറ്റ് വകഭേദങ്ങൾ.

2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമായിരുന്നു ഇത്.

പ്രതിരോധ മാർഗ്ഗങ്ങൾ

  • എബോളയെ ചെറുക്കാൻ കൃത്യമായ മുൻകരുതലുകളും പ്രതിരോധവുമാണ് ഏറ്റവും പ്രധാനം.
  • മൃഗങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാൻ മാംസം എപ്പോഴും നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക.
  • രോഗബാധിതരുമായോ അവരുടെ ശരീരസ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക.
  • രോഗികളുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക.

രോഗലക്ഷണങ്ങൾ കണ്ടാലുടൻ രോഗബാധിതരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും എത്രയും പെട്ടെന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുകയും ചെയ്യുക.

English Summary

A 52-year-old woman who recently returned from Uganda via Sudan has been placed in an isolation ward at Kottayam Medical College due to suspected Ebola symptoms. While health officials and the state government have urged the public not to panic, strict precautionary protocols are being followed as they await her test results.

Follow Us