മഴ തുടരും, അവധിയും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
Kerala School Holiday August 4: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ (ഓഗസ്റ്റ് 4 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നും പ്രളയബാധിത ക്യാമ്പുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും എന്ന് കളക്ടർമാരുടെ അറിയിപ്പുകളിൽ പറയുന്നു.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിലും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും സ്കൂളുകൾക്ക് നാളെ (ഓഗസ്റ്റ് 4 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നും പ്രളയബാധിത ക്യാമ്പുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും എന്ന് അറിയിപ്പിൽ പറയുന്നു. വയനാട് ജില്ലയിലും ഇടുക്കി ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസംവരെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിപ്പിൽ പറയുന്നുണ്ട്.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (04-08-2026) അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളജുകൾക്ക് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന് കണ്ണൂർ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/08/2026 (ചൊവ്വ) അവധി പ്രഖ്യാപിക്കുന്നു എന്ന് കളക്ടർ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 4) ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണന്ന് ജില്ലാ കളക്‌ടർ കെ സുധീർ അറിയിച്ചു
തൃശ്ശൂരിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04.08.2026 ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
നാളെ സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ ഓഗസ്റ്റ് 7 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്.
നാളെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നും കേന്ദ്രഭ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലേയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനില പിന്നിട്ടു. കാളിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ എറണാകളും കളക്ടർ മുന്നറിയിപ്പ് നൽകി.
English Summary
In the wake of the ongoing heavy rains, schools in Pathanamthitta, Malappuram, Kozhikode and Alappuzha districts and Payyannur, Taliparamba and Iritty taluks in Kannur district have been declared holiday tomorrow (Tuesday, August 4). Collectors have also announced that schools operating relief camps in Wayanad and Idukki districts will remain closed tomorrow.