Eldhose Kunnappilly: ഭാര്യക്ക് നഗരസഭാ അധ്യക്ഷസ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പള്ളിയുടെ എംഎൽഎ ഓഫീസിന് പൂട്ടിട്ട് കെട്ടിട ഉടമ
Eldhose Kunnappilly MLA Office: എൽദോസ് കുന്നപ്പള്ളിയുടെ എംഎൽഎ ഓഫീസിന് പൂട്ടിട്ട് കെട്ടിട ഉടമ. ഭാര്യയ്ക്ക് ചെയർപേഴ്സൺ സ്ഥാനം നൽകാത്തതിനാലാണ് തീരുമാനം.

എൽദോസ് കുന്നപ്പള്ളി
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയ്ക്ക് എംഎൽഎ ഓഫീസ് നഷ്ടമായി. ഭാര്യയെ നഗരസഭാ ചെയർപേഴ്സൺ ആക്കാത്തതിന് പ്രതികാരമായി കെട്ടിട ഉടമയാണ് എൽദോസ് കുന്നപ്പള്ളിയുടെ എംഎൽഎ ഓഫീസിന് പൂട്ടിട്ടത്. പെരുമ്പാവൂർ നഗരസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം.
കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി പെരുമ്പാവൂർ നഗരസഭ 20ആം വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫ് കൗൺസിലറായാണ് ജെസി എജി വിജയിച്ചത്. ജെസി ഉൾപ്പെടെ മൂന്ന് പേരാണ് നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്. യുഡിഎഫ് നേതൃത്വം ജെസിയെ തള്ളി ഡിസിസി കെഎസ് സംഗീതയെ അധ്യക്ഷയായി നിയമിച്ചു. കൗൺസിലർമാരുടെ അഭിപ്രായം തേടിയ ശേഷമായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ചായിരുന്നു കെട്ടിട ഉടമയുടെ നടപടി.
സംഗീതയെ അധ്യക്ഷ ആക്കിയതിന് പിന്നാലെ കെട്ടിടം ഒഴിയാൻ എംഎൽഎയോട് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ കണ്ടത് എംഎൽഎ ഓഫീസിൻ്റെ ബോർഡ് ഇളക്കി വഴിയരികിൽ തള്ളിയ നിലയിലായിരുന്നു. ഓഫീസിലെ വൈദ്യുതിബന്ധവും വിഛേദിച്ചു. ഓഫീസ് ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ജീവനക്കാർ അറിയിച്ചു. ഈ മാസം തുടക്കത്തിലാണ് 20ആം വാർഡിലെ ഈ വീട്ടിലേക്ക് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഓഫീസ് മാറ്റിയത്. വാടക കരാർ എഴുതിയിരുന്നില്ല എന്നാണ് വിവരം.
2016ലാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആയി വിജയിക്കുന്നത്. 2024ൽ ഇദ്ദേഹത്തിനെ പീഡനക്കേസ് പ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.