KSEB: കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലേ?; പകരം വിളിയ്ക്കാനുള്ള നമ്പരുകൾ പ്രസിദ്ധപ്പെടുത്തി വൈദ്യുതിമന്ത്രി
Mobile Numbers To Complain KSEB: വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ രണ്ട് നമ്പരുകൾ പ്രസിദ്ധപ്പെടുത്തി വൈദ്യുതിമന്ത്രി കെ കൃഷ്ണൻ കുട്ടി. കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടാത്ത അവസരങ്ങളിൽ പകരം വിളിയ്ക്കാനുള്ള നമ്പരുകളാണിത്.
കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടാത്ത അവസരങ്ങളിൽ പകരം വിളിയ്ക്കാനുള്ള നമ്പരുകൾ പ്രസിദ്ധപ്പെടുത്തി വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ഫോൺ വിളിച്ച് പരാതിബോധിപ്പിക്കാനുള്ള ഒരു നമ്പരും വാട്സപ്പിൽ മെസേജ് അയച്ച് പരാതി അറിയിക്കാനുള്ള മറ്റൊരു നമ്പരുമാണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്.
1912, 9496001912 എന്നീ രണ്ട് നമ്പരുകളാണ് വൈദ്യുതിമന്ത്രി പരിചയപ്പെടുത്തിയത്. ഇതിൽ 1912 എന്ന നമ്പരിൽ വിളിച്ച് പരാതി അറിയിക്കാം. 9496001912 എന്ന നമ്പരിൽ വിളിച്ചും വാട്സപ്പിൽ മെസേജ് ചെയ്തും പരാതികൾ രേഖപ്പെടുത്താം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്




‘കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ലേ? 1912-ൽ വിളിക്കൂ. അല്ലെങ്കിൽ, 9496001912 – ൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ച് പരാതി രേഖപ്പെടുത്തൂ’ എന്നാണ് വൈദ്യുതിമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങുന്നുണ്ട്. ഇത് വേഗത്തിൽ പരിഹരിക്കാനായാണ് ഈ നമ്പരുകൾ.
സംസ്ഥാനത്ത് അതിശക്തമായ തുടരുകയാണ്. ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
മഴയുടെ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ട്യൂഷൻ സെൻ്റർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ ഇന്ന് അവധിയായിരിക്കും.
ഈ മാസം 27ന് ഒരു ജില്ലയിലും റെഡ് അലർട്ടില്ല. എന്നാൽ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ മാസം 29 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.