Encephalitis In Kerala: താമരശേരിയിലെ പെൺകുട്ടിയുടെ മരണ കാരണം മസ്‌തിഷ്‌ക ജ്വരം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Encephalitis Death In Kerala: ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ ആരോഗ്യം നില വഷളായതിനെ തുടർന്ന് ഉച്ചതിരിഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനയ.

Anaya
കോഴിക്കോട്: താമരശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഒൻപതുവയസുകാരിയുടെ മരണത്തിന് പിന്നിൽ മസ്‌തിഷ്‌ക ജ്വരമെന്നാണ് കണ്ടെത്തൽ. അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയക്കുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
രോഗാവസ്ഥ മോശമായതിനെ തുടർന്ന് പെൺകുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എങ്കിലും ഇവിടെയെത്തും മുൻപ് തന്നെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ മരണത്തിന് പിന്നാലെ കുട്ടിക മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.
സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് പ്രദേശത്ത് സർവേ നടത്തിയിരുന്നു. നിലവിൽ കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്രവസാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പനി ഛർദി ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയെന്നാണ് കുടുംബത്തിൻ്റെ ആരോപണത്തോട് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ പ്രതികരിച്ചത്.
ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ ആരോഗ്യം നില വഷളായതിനെ തുടർന്ന് ഉച്ചതിരിഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനയ.