Evidence Tampering Case: തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്; എംഎല്‍എ സ്ഥാനത്തിന് അയോഗ്യത
Evidence Tampering Case: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെഎസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ.
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെഎസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവും, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
രണ്ട് വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും. ആറ് വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.
ഇതിനു പിന്നാലെ അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ഈ കാലയളവിൽ അപ്പീൽ നൽകാം.
കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ശിക്ഷ വിധിച്ചത്. കേസെടുത്ത് മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് കേസിൽ ശിക്ഷ വിധിച്ചത്.
Also Read:തൊണ്ടിമുതല്‍ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
തൊണ്ടിമുതൽ തിരിമറി കേസ്
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.
പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തുടർന്ന് 1994 ല്‍ കേസെടുത്തത്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്.