Bullet Train: കേരളത്തിലും കുതിച്ചെത്തുമോ ബുള്ളറ്റ് ട്രെയിന്‍? എളുപ്പമല്ല, അസാധ്യവുമല്ല
Major Challenges Facing Kerala’s Bullet Train Dream: കേരളത്തിന് എന്നെങ്കിലും ബുള്ളറ്റ് ട്രെയിന്‍ ലഭിക്കുമോയെന്ന ചോദ്യം ശക്തമാണ്. കേരളത്തെ സംബന്ധിച്ച് ബുള്ളറ്റ് ട്രെയിന്‍ പോലുള്ള അതിവേഗ യാത്രാപദ്ധതി അത്ര എളുപ്പത്തില്‍ നടപ്പാക്കാനാകില്ല. എന്നാല്‍ തീര്‍ത്തും അസാധ്യവുമല്ല
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യ ഘട്ടം 2027 ഓഗസ്ത് 15 ഓടെ സജ്ജമാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ 2029 വരെ കാത്തിരിക്കണമെന്നാണ് വിവരം. എന്തായാലും, കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചിരിക്കുകയാണ്. കേരളത്തിന് എന്നെങ്കിലും ബുള്ളറ്റ് ട്രെയിന്‍ ലഭിക്കുമോയെന്നറിയാനാണ് മലയാളിയുടെ ആകാംക്ഷ.
സാങ്കേതികമായി പറഞ്ഞാല്‍ കേരളത്തിലും പദ്ധതി സാധ്യമാണ്. എന്നാല്‍ ഏറെ വെല്ലുവിളികളും നേരിടേണ്ടി വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണകളും, സാങ്കേതികമായ മാറ്റങ്ങളും അനുസരിച്ചാകും പദ്ധതിയുടെ ഭാവി.
കേരളം പോലൊരു സംസ്ഥാനത്ത് ബുള്ളറ്റ് ട്രെയിനോ അല്ലെങ്കില്‍ അതിവേഗ പാതകളോ നടപ്പിലാക്കുമ്പോള്‍ നിരവധി പ്രതിസന്ധികള്‍ അതിജീവിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലാണ് പ്രധാന പ്രശ്‌നം. ഉയര്‍ന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഇതുതന്നെയാണ് പ്രധാന തടസം. സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നത് വലിയ സാമൂഹിക പ്രതിഷേധങ്ങള്‍ക്ക് കാരണമാകും. ഇത്തരം പ്രതിഷേധങ്ങള്‍ സര്‍ക്കാരുകള്‍ക്ക് തലവേദനയുമാകും. കെ റെയിലിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം.
തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍, മലയോര മേഖലകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. അതിവേഗ പാതകള്‍ക്ക് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി നാശമുണ്ടാക്കുമോയെന്ന ആശങ്കകളും പ്രശ്‌നമാണ്. പദ്ധതിയുടെ സാമ്പത്തിക ചെലവാണ് മറ്റൊരു വെല്ലുവിളി. അതിവേഗ ട്രെയിനുകള്‍ക്കു വേണ്ടിയുള്ള പുതിയ പാതകള്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദമുയര്‍ത്തുന്നവരുമുണ്ട്.
കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണമെങ്കില്‍ സീറോ കര്‍വ് ഭൂമിയാണ് ആവശ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏതാനും മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സ്റ്റാന്‍ഡേഡ് ഗേജിലാണ് നിര്‍മ്മിക്കുന്നത്. രാജ്യത്ത് പരിഗണനയിലുള്ള പുതിയ അതിവേഗ പാതകളും സ്റ്റാന്‍ഡേഡ് ഗേജിലാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരം അതിവേഗ പാതകളുമായി കേരളത്തിലെ പാതകള്‍ ബന്ധിപ്പിക്കുന്നതിന് സ്റ്റാന്‍ഡേഡ് ഗേജിലുള്ള നിര്‍മ്മാണവും ആവശ്യമാണ്.