Excise Office Corruption: ഗൂഗിൾ പേയിലൂടെ കൈപ്പറ്റിയ കൈക്കൂലി രണ്ടേകാൽ ലക്ഷം രൂപ!; എക്സൈസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്
Raids In Excise Offices: വിവിധ എക്സൈസ് ഓഫീസുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് രണ്ടേകാൽ ലക്ഷത്തോളം രൂപയുടെ കൈക്കൂലിപ്പണം. വ്യാപക ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
എക്സൈസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. വിവിധ എക്സൈസ് ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളാണ്. ഗൂഗിൾ പേ വഴി എക്സൈസ് ഉദ്യോഗസ്ഥർ രണ്ടേകാൽ ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. കണക്കില്പെടാത്ത 28,164 രൂപയും 25 കുപ്പി മദ്യവും പിടിച്ചെടുത്തു.
‘ഓപ്പറേഷൻ സേഫ് സിപ്പ്’ എന്ന പേരിലാണ് വിവിധ എക്സൈസ് ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ബാറുടമയിൽ നിന്ന് ഗൂഗിൾ പേയിലൂടെ 42,000 രൂപയും പാല സർക്കിളിലെ ഒരു ഉദ്യോഗസ്ഥൻ 11,500 രൂപയും കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി. ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയിൽ നിന്ന് കൊച്ചിൻ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥൻ്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 93,000 എത്തി.
വൈക്കം എക്സൈസ് സർക്കിൾ ഓഫീസ് ശുചിമുറിയിലെ കവറിൽ 13,000 രൂപ ഒളിപ്പിച്ചുവച്ചതായി കണ്ടെത്തി. സ്വകാര്യ ബാർ ഹോട്ടലിൻ്റെ പേരുള്ള കവറായിരുന്നു ഇത്. പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ അഞ്ച് കുപ്പി മദ്യം പാരിതോഷികമായി വാങ്ങിസൂക്ഷിച്ചതായും കണ്ടെത്തി. പെരിന്തൽമണ്ണ, മഞ്ചേരി, പേരാമ്പ്ര, കാസർഗോഡ് തുടങ്ങി വിവിധ എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി സ്വീകരിച്ച പണവും വിവിധ ഓഫീസുകളിൽ നിന്ന് നിരവധി മദ്യക്കുപ്പികളും പിടിച്ചെടുത്തു. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് 6500 രൂപ വലിച്ചെറിഞ്ഞു.