Kerala Fish: കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവും; സിഐഎഫ്ടി
Kerala Fish Are Edible: എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തുറമുഖങ്ങളിൽ നിന്ന് മത്സ്യഫെഡ് ശേഖരിക്കുകയും മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ഉപയോഗിച്ച് പ്രാഥമിക പഠനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയത്.
കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഡയറക്ടർ ജോർജ്ജ് നൈനാൻ. അതേസമയം, സംസ്ഥാന തീരത്തോട് ചേർന്നുണ്ടായ രണ്ട് കപ്പലപകടങ്ങൾ മൂലമുണ്ടാകുന്ന രാസമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ച് ദീർഘകാല പഠനം നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. അപകടകരമായ ചരക്കുകളുമായി പോയ രണ്ട് കപ്പലാണ് കേരള തീരത്തോട് ചേർന്ന് മുങ്ങിയത്.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ), സിഐഎഫ്ടി (സിഐഎഫ്ടി), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (Kufos) തുടങ്ങിയ മത്സ്യബന്ധന ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നാണ് പഠനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി തീരത്തോട് ചേർന്ന് എംഎസ്‌സി എൽസ 3 മൂങ്ങിയതിന് ശേഷം രാസമാലിന്യത്തെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന ഫിഷറീസ് മന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു.
ശേഷം എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തുറമുഖങ്ങളിൽ നിന്ന് മത്സ്യഫെഡ് ശേഖരിക്കുകയും മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ഉപയോഗിച്ച് പ്രാഥമിക പഠനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് നിന്ന് ശേഖരിച്ച കടൽ വെള്ളത്തിന്റെ പിഎച്ച് അളവ് സാധാരണമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, കപ്പൽ അപകടങ്ങൾക്ക് പിന്നാലെ മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും വലിയ പരാതിയാണ് ഉന്നയിക്കുന്നത്. വിപണിയിൽ മത്സ്യത്തിനുള്ള ആവശ്യം കുറഞ്ഞതായാണ് അവരുടെ പരാതി. കേരളത്തിലെ ജനങ്ങൾ കപ്പൽ അപകടത്തിന് പിന്നാലെ മത്സ്യം വാങ്ങുന്നത് കുറഞ്ഞതോടെയാണ് മത്സ്യത്തൊഴിലാളികൾ കുഴപ്പത്തിലായത്. എന്നാൽ ഈ അവസരം കോഴി കർഷകർക്ക് ഏറെ അനുഗ്രഹമായി. ഇറച്ചി കോഴികളുടെ വിപണിയിൽ 30 ശതമാനം ഡിമാൻഡ് ഉണ്ടായതായാണ് വിലയിരുത്തൽ. വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി.