AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold-Plating Row: വിജയ് മല്യയുടെ 100 പവൻ എങ്ങനെ ചെമ്പായി? സ്വർണത്തിൽ ‘പുകയുന്ന’ ശബരിമല

What is Sabarimala Controversy: ദ്വാരക ശില്‍പത്തിലുണ്ടായിരുന്നത് സ്വര്‍ണപാളികളല്ലെന്നും ചെമ്പായിരുന്നുവെന്നും ദേവസ്വം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നതായും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിക്കുന്നുണ്ട്. ദേവസ്വം തനിക്ക് നല്‍കിയത് ചെമ്പുപാളികളാണെന്ന കാര്യത്തില്‍ ഉറച്ച് നില്‍കുകയാണ് പോറ്റി.

Sabarimala Gold-Plating Row: വിജയ് മല്യയുടെ 100 പവൻ എങ്ങനെ ചെമ്പായി?  സ്വർണത്തിൽ ‘പുകയുന്ന’ ശബരിമല
ശബരിമല വിവാദം Image Credit source: PTI
shiji-mk
Shiji M K | Updated On: 07 Oct 2025 14:33 PM

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ശബരിമലയിലെ ശ്രീകോവിന് ഉള്ളില്‍ ദ്വാരകപാലക ശില്‍പങ്ങളില്‍ ഉണ്ടായിരുന്ന സ്വര്‍ണപാളികളാണ് നിലവിലെ വിവാദങ്ങള്‍ക്ക് ആധാരം. സ്വര്‍ണപാളികളുടെ തൂക്കം കുറഞ്ഞതിനോടൊപ്പം സ്വര്‍ണപീഠം കാണാതായതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് ശബരിമലയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

പുകയുന്ന ശബരിമല

ശബരിമലയിലെ ശ്രീകോവിലില്‍ രണ്ട് ദ്വാരകപാലക ശില്‍പങ്ങളുണ്ട്. സ്വര്‍ണം പതിച്ചവയാണ് ഇത് രണ്ടും. എന്നാല്‍ ഇവയ്ക്ക് മുകളിലുള്ള ഈ സ്വര്‍ണപാളികള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഇളക്കി അറ്റക്കുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി. വിഷയത്തില്‍ ഹൈക്കോടതി അധികൃതരോട് വിശദീകരണം ചോദിച്ചപ്പോഴാണ് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമാണ് ശബരിമല സന്നിധാനത്ത് അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷര്‍ നടത്തിയ അന്വേണത്തില്‍ കോടതി അനുമതിയില്ലാതെ അറ്റക്കുറ്റപ്പണികള്‍ നടത്തിയതായി കണ്ടെത്തി. ഇതോടെ കോടതി സ്വര്‍ണപാളികളുടെ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൊണ്ടുപോയ സ്വര്‍ണപാളികളേക്കാള്‍ തൂക്കം കുറവാണ് തിരികെ കൊണ്ടുവന്നവയ്‌ക്കെന്ന് രേഖകളില്‍ വ്യക്തം.

തുടക്കം 2019ല്‍

2019ലാണ് സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്‌പോണ്‍സറുടെ കൈവശം ദേവസ്വം ബോര്‍ഡ് കൊടുത്തുവിടുന്നത്. ഇതേ വര്‍ഷം തന്നെ ദ്വാരകപാലക ശില്‍പങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴിപാടായി സ്വര്‍ണം പൂശിയിരുന്നു. സ്വര്‍ണം പൂശിയ ആളിന്റെ കൈവശം തന്നെ സ്വര്‍ണപാളികള്‍ കൊടുത്തുവിട്ട ദേവസ്വം ബോര്‍ഡ്, ചെമ്പാണ് കൊണ്ടുപോയതെന്ന് രേഖപ്പെടുത്തി. സ്വര്‍ണപാളികള്‍ കൊടുത്തുവിടുമ്പോള്‍ വിജിലന്‍സ് ഓഫീസര്‍ അടുത്തുണ്ടാകണമെന്ന നിയമവും പാലിച്ചില്ല.

വിജയ് മല്യയുടെ സ്വര്‍ണം ചെമ്പായി

ദ്വാരകപാലക ശില്‍പനങ്ങളില്‍ 1998ല്‍ വ്യവസായി വിജയ് മല്യയാണ് സ്വര്‍ണം പൂശിയത്. 100 പവന്‍ കൊണ്ടായിരുന്നു ഇതെന്ന് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിജയ് മല്യ സ്വര്‍ണം പൂശിയതല്ല, മറിച്ച് പാളികളായി സ്വര്‍ണം മോള്‍ഡ് ചെയ്ത് പിടിക്കുകയായിരുന്നുവെന്ന വിചിത്ര പ്രസ്താവനയും 2019ല്‍ ദേവസ്വം ബോര്‍ഡ് നടത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറ്റക്കുറ്റപ്പണികള്‍ക്കായി കൈമാറുന്ന സമയത്തുള്ളതാണ് ഈ ഉത്തരവ്.

വിജയ് മല്യ മോള്‍ഡ് ചെയ്ത സ്വര്‍ണത്തിന്റെ പ്രഭ മങ്ങിയതിനാലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കുന്നതെന്ന വാദവും ദേവസ്വം ബോര്‍ഡ് അന്ന് നിരത്തിയിട്ടുണ്ട്. അങ്ങനെ 2019 ജൂലൈ 19ന് സ്വര്‍ണപാളികള്‍ അഴിച്ചെടുത്തു. 14 പാളികളാണ് ഇതുണ്ടായിരുന്നത്. 42.8 കിലോഗ്രാം തൂക്കവും അതിനുണ്ടായിരുന്നുവെന്ന് മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ജൂലൈ 20നാണ് സ്വര്‍ണപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കുന്നത്.

പിന്നെയും വൈകി

20ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യിലേക്ക് സ്വര്‍ണപാളികള്‍ എത്തിയെങ്കിലും അറ്റക്കുറ്റപ്പണികള്‍ നടത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന ചെന്നൈ ആസ്ഥാനമായ സ്ഥാപനത്തിലേക്ക് അവയെത്തുന്നത് 39 ദിവസങ്ങള്‍ക്ക് ശേഷം 2019 ഓഗസ്റ്റ് 29നാണ്. എന്നാല്‍ അന്ന് അവിടെ എത്തിയതാകട്ടെ ചെമ്പുപാളികളും. തൂക്കി നോക്കിയപ്പോള്‍ 38.258 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡി പങ്കജ് ഭണ്ഡാരി മൊഴി നല്‍കി. അങ്ങനെയെങ്കില്‍ പാളികളിലുണ്ടായിരുന്ന സ്വര്‍ണത്തെ കുറിച്ച് യാതൊരു വിവരവുമില്ല.

ഈ ചെമ്പുപാളികളിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശുന്നത്. ശേഷം പാളികള്‍ 38.653 കിലോഗ്രാം ആയി തൂക്കം വര്‍ധിച്ചു. സെപ്റ്റംബറിലാണ് പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റി പാളികള്‍ നാട്ടിലെത്തിക്കുന്നത്. സെപ്റ്റംബര്‍ 11ന് ദേവസ്വം പാളികള്‍ ഏറ്റുവാങ്ങി. എന്നാല്‍ ഈ ദിവസങ്ങളിലാണ് നടന്‍ ജയറാമിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപാളികളുമായി എത്തിയത്.

പിന്നെയും പോറ്റിയെത്തി

2019ന് ശേഷം പോറ്റിയെത്തുന്നത് 2025ന് സെപ്റ്റംബര്‍ 7നാണ്. ചെന്നൈയില്‍ എത്തിച്ച് വീണ്ടും അറ്റക്കുറ്റപ്പണികള്‍ നടത്താമെന്നും തീരുമാനിച്ചു. എന്നാല്‍ നേരത്തെ പറ്റിയ അമളി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ് ദേവസ്വം തീരുമാനിച്ചത്. താന്‍ സെപ്റ്റംബര്‍ 17ന് രണ്ട് താങ്ങ് പീഠങ്ങള്‍ അധികം നല്‍കിയെന്ന വാദവും പോറ്റി ഇവിടെ ഉന്നയിക്കുന്നുണ്ട്.

Also Read: Sabarimala Gold Scam: സ്വർണപ്പാളി വിവാദം; സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കും

ദ്വാരക ശില്‍പത്തിലുണ്ടായിരുന്നത് സ്വര്‍ണപാളികളല്ലെന്നും ചെമ്പായിരുന്നുവെന്നും ദേവസ്വം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നതായും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിക്കുന്നുണ്ട്. ദേവസ്വം തനിക്ക് നല്‍കിയത് ചെമ്പുപാളികളാണെന്ന കാര്യത്തില്‍ ഉറച്ച് നില്‍കുകയാണ് പോറ്റി. എന്നാല്‍ കൊണ്ടുപോകുമ്പോള്‍ 42.800 കിലോഗ്രാം ഭാരമുണ്ടായിരുന്ന പാളികള്‍ തിരികെ കൊണ്ടുവരുമ്പോള്‍ എങ്ങനെ 38.653 കിലോഗ്രാമായെന്ന ചോദ്യം കോടതി ഉന്നയിക്കുന്നു.

താന്‍ നിര്‍മിച്ച് നല്‍കിയ ദ്വാരകപാലക ശില്‍പങ്ങളുടെ താങ്ങ് പീഠങ്ങള്‍ കാണാനില്ലെന്ന കാര്യം പുറത്തുവിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഇതോടെ താങ്ങ് പീഠങ്ങള്‍ അന്വേഷിച്ച് കണ്ടെത്താന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് കണ്ടെടുത്തതാകട്ടെ കാണാനില്ലെന്ന് പരാതി പറഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും.

2021 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായിയായ വാസുദേവന്റെ വീട്ടിലായിരുന്നു പീഠങ്ങള്‍ സൂക്ഷിച്ചത്. എന്നാല്‍ പിന്നീട് കണ്ടെടുത്തതോ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും. വാദി പ്രതിയായ സാഹചര്യമാണ് നിലവില്‍ ശബരിമലയില്‍ സംഭവിച്ചത്. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ശില്‍പങ്ങളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. അന്ന് അദ്ദേഹം സ്വര്‍ണം പൂശിയിരുന്നുവെങ്കില്‍ അതെവിടെ എന്ന് കണ്ടെത്തുന്നത് നിര്‍ണായകമാണ്.