Sabarimala Gold Plating Controversy: സ്വർണമല്ല, ലഭിച്ചത് ചെമ്പ് തകിടെന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; മല്യ നൽകിയ ‘സ്വർണപാളി’ എവിടെ?
Unnikrishnan Potty Statement Details: ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. തന്‍റെയും മറ്റു സ്പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് സ്വര്‍ണം പൂശിയതെന്നും പോറ്റി പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ നൽകിയ മൊഴികളിലെ വിശദാംശങ്ങൾ പുറത്ത്. തന്‍റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്ന് ഉണ്ണി കൃഷ്ണൻ പോറ്റി ആവർത്തിച്ചു. ചില കാര്യങ്ങളില്‍ അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. തന്‍റെയും മറ്റു സ്പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് സ്വര്‍ണം പൂശിയതെന്നും പോറ്റി പറഞ്ഞു.
കൂടാതെ, സുഹൃത്തായ വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നുവെന്നും പരാതി ഉന്നയിച്ച ശേഷം തിരിച്ച് കൊണ്ട് വെക്കുകയായിരുന്നുവെന്നും പോറ്റി മൊഴി നൽകി. 2019 ലും 2025ലും സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ സമയത്തുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനും വിജിലൻസ് ഒരുങ്ങുന്നുണ്ട്.
ALSO READ: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെ ചോദ്യം ചെയ്യും; പ്രാഥമികാന്വേഷണത്തിന് നിയമോപദേശം തേടി പൊലീസ്
വിജയ് മല്യ നൽകിയ സ്വർണപാളി എവിടെ?
1998-ലാണ് വിജയ് മല്യ സ്വർണപ്പാളി നൽകിയത്. 21 വർഷങ്ങൾക്ക് ശേഷം 2019 ജൂലൈ 5-ന് ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ ദ്വാരപാലക ശിൽപ്പത്തിലേത് ചെമ്പ് പാളിയെന്ന് പറയുന്നു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പാളികൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയും സഹ സ്പോൺസർമാരും അവർക്ക് കിട്ടിയത് ചെമ്പെന്ന് പറയുന്നു.
സ്വർണം പൂശാനായി പാളിയെത്തിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവും ചെമ്പ് തന്നെയെന്ന് ഉറപ്പിക്കുന്നു. വിജയ് മല്യ ദ്വാരപാലക ശിൽപ്പത്തിന് സ്വർണം പൂശിയിരുന്നോ? സ്വർണം എങ്ങനെ ചെമ്പായി മാറി? ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത് ചെമ്പ് പാളിയോ? എങ്കിൽ വിജയ് മല്യ നൽകിയ സ്വർണപ്പാളി എവിടെ? എന്ന ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടത്തേണ്ടത്.