Govindachami: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തിരച്ചിൽ ആരംഭിച്ച് പോലീസ്
Govindachami Espaces From Kannur Central Jail: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായ ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ഇന്ന് രാവിലെയാണ് മനസ്സിലായത്. ജയിൽ അധികൃതർ രാവിലെ പരിശോധിച്ചപ്പോൾ സെൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗോവിന്ദച്ചാമിയ്ക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
തുണി കൊണ്ട് വടമുണ്ടാക്കിയ ഇയാൾ മതിൽ ചാടിയാണ് രക്ഷപ്പെട്ടത്. അഞ്ച് മണിയോടെ ജയിൽ അധികൃതർ വിവരം അറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. രാവിലെ ഏഴ് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. എപ്പോഴാണ് ജയിൽ ചാടിയതെന്ന് വ്യക്തമല്ല. പുലർച്ചെ 1.15ന് സംഭവം നടന്നു എന്നാണ് സൂചന. സംസ്ഥാനത്ത് ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു.
ട്രെയിൻ യാത്രക്കിടെയാണ് ഇയാൾ സൗമ്യയെ ആക്രമിച്ചത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്നും ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെൻ്റിൽ വച്ചായിരുന്നു സംഭവം. സൗമ്യയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ അഞ്ച് ദിവസങ്ങൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കേസിൽ ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.