Govindachami: തുണി ഉപയോഗിച്ച് വടമുണ്ടാക്കി; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്; സംസ്ഥാനത്ത് ജാഗ്രത
Soumya Murder Case Convict Govindchami: അലക്കാൻ വച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കിയാണ് ഇയാൾ മതിൽ ചാടി കടന്നത്. ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നുവെന്നാണ് വിവരം.
കണ്ണൂർ: നാടിനെ നടുക്കിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയത് ഇന്ന് പുലർച്ചെ 1.15 ന്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ചതെന്നാണ് സൂചന.
തുടർന്ന് അലക്കാൻ വച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കിയാണ് ഇയാൾ മതിൽ കടന്നത്. ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നുവെന്നാണ് വിവരം. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. സംഭവം ജയിലുദ്യോഗസ്ഥർ അറിയുന്നത് രാവിലെ ഏഴ് മണിയോടെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ്. ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥർ വിവരം അറിയുന്നത്. ഇതോടെ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
Also Read:സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തിരച്ചിൽ ആരംഭിച്ച് പോലീസ്
ജയിൽ ഡിജിപി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഇന്ന് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ സംഭവം. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജില്ലയിലും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും പരിശോധന നടത്തുന്നു.
പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു.