Ponmudi dam Opened: മഴ കനക്കുന്നു, പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തു താമസിക്കുന്നവർ ജാഗ്രത….നിർദ്ദേശങ്ങൾ ഇങ്ങനെ
Heavy Rains Force Ponmudi Dam Opening: ഇടുക്കിക്ക് പുറമേ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ആണ് ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തിയത്.

Ponmudi Dam
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ടാമത്തെ ഷട്ടർ ആണ് 20 സെന്റീമീറ്റർ വരെ ഉയർത്തിയത്. സെക്കൻഡിൽ പതിനയ്യായിരം ലിറ്റർ വെള്ളമാണ് പന്നിയാർ പുഴയിലേക്ക് തുറന്നു വിടുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഇന്ന് കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മഴ മുന്നറിയിപ്പ് ഉണ്ട്. നാളെ മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട എന്നീ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് ഉള്ളത്.
മത്സ്യബന്ധനത്തിനും വിലക്ക്
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. ഈ സാഹചര്യത്തിൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ബാണാസുരസാഗർ തുറന്നു
ഇടുക്കിക്ക് പുറമേ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ആണ് ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തിയത്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പുഴകളിലും തോടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.