Bullet Train: 500 കി.മീ മറികടക്കാന്‍ വെറും രണ്ട് മണിക്കൂര്‍; ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്ത് 15 മുതല്‍
Bullet train India launch date: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യഘട്ടം 2027 ഓഗസ്ത് 15 ഓടെ സജ്ജമാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യഘട്ടം 2027 ഓഗസ്ത് 15 ഓടെ സജ്ജമാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ന്യൂഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കി. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിലവിൽ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ കോറിഡോര്‍ നടപ്പിലാക്കുന്നത്. ബുള്ളറ്റ് ട്രെയിൻ കോറിഡോര്‍ ഘട്ടം ഘട്ടമായി കമ്മീഷൻ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സൂറത്തിൽ നിന്ന് ബിലിമോറ വരെയാകും ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. തുടർന്ന് വാപ്പി മുതൽ സൂറത്ത് വരെയും പ്രവര്‍ത്തനക്ഷമമാകും. ഇത്തരത്തില്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനക്ഷമമാകും. അതിനുശേഷം, വാപ്പി-അഹമ്മദാബാദ് പാതയിൽ സർവീസുകൾ ആരംഭിക്കും.
തുടര്‍ന്ന് താനെ-അഹമ്മദാബാദ് പാതയില്‍ സര്‍വീസ് നടത്തും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി അവസാന ഘട്ടത്തോടെ മുഴുവനായി പ്രവര്‍ത്തനക്ഷമമാകും. 2029 ഡിസംബറോടെ പദ്ധതി മുഴുവനായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
508 കി.മീ മറികടക്കാന്‍ 127 മിനിറ്റ് !
508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി. പ്രവർത്തനക്ഷമമായാൽ, മുംബൈ, അഹമ്മദാബാദ് യാത്രാ സമയം വെറും 2 മണിക്കൂർ 7 മിനിറ്റ് ആയി കുറയും. മുംബൈ, താനെ, വിരാർ, ബോയ്‌സർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഏകദേശം 1,08,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി ആണ് പദ്ധതി ചെലവിന്റെ 81% (88,000 കോടി രൂപ) ധനസഹായം നൽകുന്നത്. നിലവില്‍ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വയഡക്റ്റുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, സ്റ്റേഷനുകൾ എന്നിവയിൽ ഗണ്യമായ ജോലികൾ പൂർത്തിയായി. 320 കിലോമീറ്റർ വയഡക്ട് ജോലികൾ ഇതിനകം പൂർത്തിയായതായും ഭൂമി ഏറ്റെടുക്കൽ, തുരങ്കനിർമ്മാണം, സ്റ്റേഷൻ നിർമ്മാണം, വൈദ്യുതീകരണം എന്നിവ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
#WATCH | Delhi: Railways Minister Ashwini Vaishnaw says, “The bullet train will be ready in 2027, August 15th, 2027. The first section to open will be from Surat to Bilimora. After that, Vapi to Surat will open. Then Vapi to Ahmedabad will open, and after that, Thane to Ahmedabad… pic.twitter.com/vpal8NqNpE
— ANI (@ANI) January 1, 2026