Theatre CCTV Footage: തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കണ്ടവരും വിറ്റവരും കുടുങ്ങും; ഐപി അഡ്രസുകൾ തപ്പിയെടുത്ത് പോലീസ്
Theatre CCTV Footage Leak Case: തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരുടെയും പണം നൽകി കണ്ടവരുടെയും ഐപി അഡ്രസ്സുകൾ സൈബർ പോലീസ് കണ്ടെത്തി.

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി സൈബർ പോലീസ്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരുടെയും പണം നൽകി കണ്ടവരുടെയും ഐപി അഡ്രസ്സുകൾ സൈബർ പോലീസ് കണ്ടെത്തി.
തിരുവനന്തപുരത്തെ കൈരളി തിയേറ്റർ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത ശേഷം ലിങ്കുകൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം വഴിയാണ് പ്രചരിപ്പിച്ചത്. സോഫ്റ്റ് പോൺ എന്ന തരത്തിൽ പണം നൽകി കാണാവുന്ന വിധത്തിലായിരുന്നു ദൃശ്യങ്ങളുടെ വിൽപന.
Also Read:പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല
അതേസമയം സിസിടിവി ദൃശ്യങ്ങൾ ചോർന്ന വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ തീയറ്റർ ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്നും സൈബർ പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം പുറത്തുവന്നതിനു പിന്നാലെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തങ്ങളുടെ 17 സ്ക്രീനുകളിലെയും സിസിടിവി സ്റ്റോറേജ് പാസ്‌വേഡുകൾ മാറ്റി.
കൈരളി , ശ്രീ , നിള എന്നീ തിയേറ്ററുകളിൽ സിനിമ കാണാൻ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചത്. ഇരിപ്പിടങ്ങളിലെ കെ.എസ്.എഫ്.ഡി.സി ലോഗോയും തിയേറ്ററുകളുടെ വാട്ടർമാർക്കും ദൃശ്യങ്ങളിൽ വ്യക്തമാണ്. ടെലഗ്രാമിൽ ഇതിന്റെ ലിങ്കുകളുണ്ടെന്നും ഡൗൺലോഡ് ചെയ്യാൻ പണമടയ്ക്കണമെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലുള്ളത്. 25,000 രൂപ വരെ വാങ്ങുന്നവരുമുണ്ട്.