Kambammettu road Closed: കേരള-തമിഴ്‌നാട് അതിർത്തി യാത്രക്കാർ ശ്രദ്ധിക്കുക, കമ്പംമെട്ട് മലയോരപാത പൂർണ്ണമായി അടച്ചു
പതിനെട്ട് ഹെയർപിൻ വളവുകളുള്ള ഈ മലയോര പാത അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹൈവേ വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ഇവിടെ ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണ ഭിത്തികൾ കെട്ടുന്ന ജോലികളും നടന്നു വരികയായിരുന്നു. എന്നാൽ, നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാത പൂർണ്ണമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.

പ്രതീകാത്മക ചിത്രം
ഇടുക്കി: കേരള-തമിഴ്‌നാട് അതിർത്തി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മലയോര പാതകളിലൊന്നായ കമ്പംമെട്ട് വഴിയുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂർണ്ണമായി നിരോധിച്ചു. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമ്മാണ ജോലികളും നടക്കുന്നതിനാലാണ് ഹൈവേ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഈ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെ മുതൽ ആരംഭിച്ച നിയന്ത്രണം ഇനി ഒരു മാസം നീളും. ജൂലൈ ഏഴ് വരെയാണ് ഈ നിരോധനം നിലവിലുണ്ടാകുക. ഇതോടെ നിത്യേന ഈ മലയോര പാതയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പൊതുജനങ്ങളും വലിയ യാത്രാദുരിതത്തിലാകും.
പകരക്കാരനില്ലാത്ത അതിർത്തി പാത
തമിഴ്‌നാട്ടിലെ തേനി ജില്ലയെ കേരളത്തിലെ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന മൂന്ന് പ്രധാന പാതകളിൽ ഒന്നാണ് കമ്പംമെട്ട് റോഡ്. കുമളി, ബോഡിമേട് എന്നിവയാണ് മറ്റ് രണ്ട് പാതകൾ. കമ്പം ടൗണിൽ നിന്നും കേരളത്തിലേക്കുള്ള ഈ കണക്ഷൻ റോഡ് ദീർഘനാളായി വലിയ തകർച്ചയിലായിരുന്നു.
പതിനെട്ട് ഹെയർപിൻ വളവുകളുള്ള ഈ മലയോര പാത അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹൈവേ വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ഇവിടെ ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണ ഭിത്തികൾ കെട്ടുന്ന ജോലികളും നടന്നു വരികയായിരുന്നു. എന്നാൽ, നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാത പൂർണ്ണമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.
ബദൽ റൂട്ടുകൾ ഇങ്ങനെ
കമ്പം ഭാഗത്തുനിന്നും കേരളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ കുമളി ഹിൽ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. അതിനുശേഷം ആവശ്യാനുസരണം കമ്പംമേട് റോഡിലേക്ക് പ്രവേശിക്കാം. കേരളത്തിലെ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി തമിഴ്‌നാട്ടിൽ നിന്നും ദിവസേന ആയിരക്കണക്കിന് തൊഴിലാളികളാണ് കമ്പംമെട്ട് വഴി സഞ്ചരിക്കുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ ഇവർ നാൽപ്പത് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇത് ഇവരുടെ സമയത്തെയും ദൈനംദിന വരുമാനത്തെയും കഠിനമായി ബാധിക്കും.
ദിവസേന ആയിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പാത ഒരു മാസത്തേക്ക് അടച്ചിടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. തോട്ടം തൊഴിലാളികളുടെ യാത്രാക്ലേശം കണക്കിലെടുത്ത് റോഡിന്റെയും പാലത്തിന്റെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്ന് കേരളത്തിൽ നിന്നുള്ള തോട്ടം ഉടമകളും തൊഴിലാളികളും, തമിഴ്‌നാട്ടിലെ പൊതുജനങ്ങളും ഒരേപോലെ ആവശ്യപ്പെടുന്നുണ്ട്.
English Summary
The Kambammet Ghat Road, a vital route connecting Idukki and Theni districts, will be completely closed for a month starting June 8 for urgent repairs and bridge construction. This closure forces daily commuters and thousands of plantation workers to take a 40-kilometer detour via Kumily, significantly impacting their travel time and daily livelihood.