”ശുനകനാണെന്ന് ഓർമയില്ലെങ്കിലും…” എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ലക്ഷ്യമിട്ട് നായ ഉപമയുമായി കെബി ഗണേഷ് കുമാർ
KB Ganesh Kumar criticizes G Sukumaran Nair: എൻഎസ്എസ് ജനറൽ സെക്രട്ടറിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ''ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണ്'' എന്നത് അടക്കമുള്ള കടുത്ത പരാമർശങ്ങൾ ഗണേശ് കുമാറിൽ നിന്നുമുണ്ടായി. മന്നത്താചാര്യന്റെ സ്മൃതി മണ്ഡപം എല്ലാവർക്കും തുറന്ന് നൽകിയില്ലെങ്കിൽ സമാധാന പരമായി സമരം ആരംഭിക്കണമെന്നും ഗണേഷ് പറഞ്ഞു.

Kb Ganesh Kumar Criticizes G Sukumaran Nair
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തെ ലക്ഷ്യമിട്ട് കടുത്ത പരോക്ഷ വിമർശനവുമായി കെബി ഗണേഷ് കുമാർ രംഗത്തെത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ”ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണ്” എന്നത് അടക്കമുള്ള കടുത്ത പരാമർശങ്ങൾ ഗണേശ് കുമാറിൽ നിന്നുമുണ്ടായി. അദ്ദേഹത്തിന്റെ വിവാദ വാക്കുകൾ ഇങ്ങനെ ”ഒരു പദവിയിൽ ഇരിക്കുമ്പോൾ അതനുസരിച്ച് ചിന്തിക്കണം. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കണം. ആരിരുന്ന കസേരയാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണ്.” എന്നായിരുന്നു പരാമർശം.
കഴിഞ്ഞ കുറച്ച് നാളുകളായി എൻഎസ്എസ് നേതൃത്വവുമായും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും അത്ര നല്ല ബന്ധത്തിലല്ല ഗണേഷ് കുമാർ. എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉൾപ്പെടെ ഗണേഷിനെ നേരത്തെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തും ഗണേഷിന് എതിരായ നിലപാടാണ് താലൂക്ക് യൂണിയൻ ഉൾപ്പെടെ സ്വീകരിച്ചത്.
നേതൃത്വവുമായി കലഹത്തിലായ ശേഷം ഗണേഷ് കുമാർ സംഘടനയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും നായ എന്നർഥം വരുന്ന ശുനകൻ ഉൾപ്പെടുന്ന പ്രയോഗം ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് കടുത്ത ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. ദേവദാരുവിൽ ഇത്തിക്കണ്ണി വളർന്നാൽ വൃക്ഷമാരും വെട്ടാറില്ല, ഇത്തിൾക്കണ്ണിയാണ് വെട്ടിക്കളയുക. മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാൽ ഇത്തിൾക്കണ്ണികൾക്കുവേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാൻ കഴിയാത്ത കാര്യമാണ്.
മന്നത്ത് ആചാര്യൻ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. മന്നത്ത് ആചാര്യൻ തന്റെ കൊച്ചുമകൾക്ക് എൻഎസ്എസിൽ ജോലി ലഭിക്കാനുള്ള സാധ്യത നിഷേധിച്ചു. എന്നാൽ, ഒരാൾ തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെ എൻഎസ്എസിൽ ജോലിക്ക് വച്ചു എന്നത് സ്വജനപക്ഷപാതമാണ് എന്ന് ഗണേഷ് കുമാർ തുറന്നടിച്ചു.
”എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളജ് തുടങ്ങിയില്ല എന്നൊരാൾ ചോദിച്ചു, ഈ വ്യക്തിയുടെ കുടുംബത്തിൽ ഒരു മെഡിക്കൽ കോളജിൽ തൂപ്പ് ജോലിക്ക് പോലും കയറാൻ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് എൻഎസ്എസ് മെഡിക്കൽ കോളജ് തുടങ്ങാഞ്ഞത്, അല്ലാതെ എൻഎസ്എസിന് പണമില്ലാത്തതുകൊണ്ടല്ല” എന്ന് ഗണേഷ് കുമാർ പ്രസംഗമധ്യേ പറഞ്ഞു.
സമുദായത്തിലെ വിദ്യാഭ്യാസമുള്ളവരുടെ ഉപദേശം കേട്ട് ഒരു ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല. പകരം ചായക്കട തുടങ്ങിക്കോളാനാണ് പറഞ്ഞത്. അതിന് ധനലക്ഷ്മി ബാങ്ക് ലോൺ കൊടുക്കും. ധനലക്ഷ്മി ബാങ്കിന്റെ കഥകൾ പിന്നീട് പറയാം. തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാരൊക്കെ ഇപ്പോൾ ചായക്കട നടത്തുകയാണെന്നും ഗണേഷ് കുമാർ പരിഹസിച്ചു.
200-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയ ആളാണ് താൻ. ആ തന്നെ തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ മാറ്റി, ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ മാറ്റിയത് താൻ ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ് എന്നും ഗണേഷ് കുമാർ തുറന്നുപറഞ്ഞു. ഹരികുമാർ കോയിക്കൽ മരിച്ച ശേഷം ചിത കത്തിക്കും മുമ്പ് മകനെ യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. ലോകത്തൊരാളെക്കൊണ്ടല്ലാതെ അത് പറ്റില്ല.
മന്നത്താചാര്യന്റെ സ്മൃതി മണ്ഡപം എല്ലാവർക്കും തുറന്ന് നൽകിയില്ലെങ്കിൽ സമാധാന പരമായി സമരം ആരംഭിക്കണമെന്നും ഗണേഷ് പറഞ്ഞു. ക്ഷേത്രങ്ങൾ തുറന്നുകൊടുക്കാൻ ജാഥ നടത്തിയതു പോലെ വൈക്കത്തുനിന്ന് മന്നം സമാധി എല്ലാവർക്കുമായി തുറന്നുനൽകാൻ ജാഥ നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിലെ മന്നം ക്ലബ്ബിൽ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഗണേഷ് കുമാർ ഇവ അടക്കം നിരവധി വിമർശനങ്ങൾ നേതൃത്വത്തിന് എതിരേ അഴിച്ചുവിട്ടത്.
English Summary
KB Ganesh Kumar has come forward with a harsh indirect criticism targeting the leadership of the Nair Service Society (NSS). Ganesh Kumar made harsh remarks, indirectly referring to the NSS General Secretary, including, “Even if you don’t remember being a Sunaka, the memory of sitting on the throne of Kanaka is good for everyone.” Ganesh also said that if Mannathacharya’s memorial hall is not opened to everyone, a peaceful protest should be launched. Ganesh Kumar made these criticisms against the leadership at a book launch event organized at the Mannam Club in Thiruvananthapuram.