12th Pay Commission: ശമ്പളക്കമ്മീഷൻ എവിടെ, കാലാവധി കഴിഞ്ഞിട്ടും റിപ്പോർട്ടില്ല!
12th Pay Commission Updates: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ട് ആറുമാസമായെങ്കിലും കമ്മീഷൻ ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തിൽ തീരുമാനങ്ങളെടുക്കാത്തത് ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക കൂട്ടുന്നുണ്ട്.
പന്ത്രണ്ടാം ശമ്പളപരിഷ്കരണം
കടുത്ത സാമ്പത്തികപ്രതിസന്ധി നിലനിൽക്കെ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.
മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ശുപാർശ സമർപ്പിച്ചില്ല. വി.പി.ജോയി കമ്മിഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല. 11-ാം ശമ്പളക്കമ്മീഷന്റെ ശുപാർശകൾ 2021 ഏപ്രിലിൽ സർക്കാർ അംഗീകരിച്ച്, 2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു.
ALSO READ: 8-ാം ശമ്പള കമ്മീഷൻ: ഇൻക്രിമെന്റ് 5 ശതമാനമായാൽ അടിസ്ഥാന ശമ്പളം എത്രയാകും?
കമ്മീഷൻ എവിടെ?
കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ സർക്കാരിന് ഇതേക്കുറിച്ച് പഠിച്ച് തക്കതായ തീരുമാനമെടുക്കാമായിരുന്നു എന്ന വിമർശനം ഉയരുന്നുണ്ട്. പ്രവർത്തനം പൂർത്തിയാക്കാൻ ആറുമാസംകൂടി അനുവദിക്കണമെന്ന് കമ്മീഷൻ മുൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനും വ്യക്തത വന്നിട്ടില്ല.
കമ്മീഷൻ അധ്യക്ഷനും അംഗങ്ങൾക്കും പുറമേ അഡീഷണൽ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ 14 ജീവനക്കാരെയാണ് കമ്മീഷൻ ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നത്. കാലാവധി അവസാനിച്ചതോടെ കമ്മീഷൻ അധ്യക്ഷൻ ഡോ. വി.പി. ജോയും മറ്റ് അംഗങ്ങളും ഇപ്പോൾ ഓഫീസിലേക്ക് വരാറില്ലെന്നാണ് വിവരം.
സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനം
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഇതോടെ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഉയർന്ന തുക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശമ്പളം നേരത്തെ നൽകേണ്ടിവരും. ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആർ കുടിശികയാണ് ഓഗസ്റ്റിൽ നൽകുന്നത്. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.
English Summary:
12th Pay Commission Updates, delay in the submission of the Pay Revision Commission report has increased uncertainty among state government employees and pensioners, who have been eagerly awaiting a salary revision. Although the commission was constituted with the expectation of submitting its recommendations within a few months, the report has not yet been handed over to the government.