നരബലിക്ക് ജീവപര്യന്തം, ആഭിചാര ലൈംഗികാതിക്രമത്തിന് 10 വർഷം തടവ്, പിഴ; പുതിയ ദുർമന്ത്രവാദ കുറ്റങ്ങളും ശിക്ഷയും
Kerala Anti-Black Magic Act: ദുർമന്ത്രവാദ നിരോധന നിയമവുമായി ബന്ധപ്പെട്ട്, കേരള ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട വിദഗ്ധസമിതി തയാറാക്കിയ കരട് ബില്ലിന്റെ വിവരങ്ങൾ പുറത്ത്. ഈ കരട് ബില്ലിൽ ദുർമന്ത്രവാദ കുറ്റകൃത്യങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. ഇവയ്ക്കുള്ള ശിക്ഷയും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ആകെ 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Kerala Anti Black Magic Act
തിരുവനന്തപുരം: ദുർമന്ത്രവാദ നിരോധന നിയമവുമായി ബന്ധപ്പെട്ട്, കേരള ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട വിദഗ്ധസമിതി തയാറാക്കിയ കരട് ബില്ലിന്റെ വിവരങ്ങൾ പുറത്ത്. ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി കഴിഞ്ഞ ദിവസം സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ കരട് ബില്ലിൽ ദുർമന്ത്രവാദ കുറ്റകൃത്യങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. ഇവയ്ക്കുള്ള ശിക്ഷയും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്ക് പുറമേയാണ് ബില്ലിൽ ശിക്ഷ ശുപാർശ ചെയ്തിരിക്കുന്നത്. ദുർമന്ത്രവാദം തടയുന്നതിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് മാത്രമല്ല, ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചെയ്യാനുള്ള അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റൽ മീഡിയയിൽ ഉൾപ്പടെ പ്രചരിപ്പിക്കുന്നതും ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതും കുറ്റകൃത്യമാണ്. ആകെ 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിദഗ്ധ സമിതിയുടെ കരട് ബിൽ ശുപാർശയിൽ ദുർമന്ത്രവാദ കുറ്റങ്ങളെ മൂന്ന് തരമായി തിരിച്ചിരിക്കുന്നു. അതിൽ ഒന്നാമത്തെ വിഭാഗം ജീവഹാനി വരുത്തുന്നവയാണ്. നരബലി, ജീവനോടെ സംസ്കരിക്കൽ, മരണകാരണമായ മറ്റ് പ്രവൃത്തികൾ എന്നിവ അതിൽ ഉൾപ്പെടുന്നു. പരമാവധി ജീവപര്യന്തം ശിക്ഷയാണ് ഈ കുറ്റങ്ങൾക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
Also Read: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും
മാരകമായി പരിക്കേൽപ്പിക്കുക, അംഗഭംഗം വരുത്തുക, അഭിചാര ക്രിയകളുടെ ഭാഗമെന്ന പേരിൽ നടത്തുന്ന ലൈംഗികാതിക്രമം, ബലാത്സംഗം, ജീവന് ഹാനികരമായ പദാർഥങ്ങൾ കഴിപ്പിക്കുക എന്നിവയാണ് രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന കുറ്റകൃതങ്ങൾ. ഇവയ്ക്ക് പത്തുവർഷംവരെ തടവും പിഴയും ആണ് കരട് ബില്ലിൽ ശിക്ഷയായി ശുപാർശ ചെയ്തിരിക്കുന്നത്.
അന്ധവിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിക്കുക, ബാധയൊഴിപ്പിക്കാനുള്ള മർദനം, ലഹരി പദാർഥങ്ങൾ നൽകുക, വിസർജ്യം ഉപയോഗിക്കുക, പണവും ആഭരണങ്ങളും കൈക്കലാക്കുക, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കുക, ഗർഭച്ഛിദ്രം നടത്തുക, അതീന്ദ്രിയ ശക്തികളുടെപേരിൽ ഭീഷണിപ്പെടുത്തുക എന്നിവയാണ് മൂന്നാമത്തെ വിഭാഗം കുറ്റകൃത്യങ്ങൾ. ഇവയ്ക്ക് ഏഴുവർഷംവരെ തടവും പിഴയും ആണ് ശിക്ഷയായി ശുപാർശ ചെയ്തിരിക്കുന്നത്.
ഓൺലൈൻ പ്രചാരണവും കുറ്റം
ഓൺലൈനുകളിലൂടെ മന്ത്രവാദ സംബന്ധമായ അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി ബില്ലിൽ വിലയിരുത്തുന്നു. കൂടുതൽ ആളുകളിലേക്ക് അന്ധവിശ്വാസങ്ങൾ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചെയ്യാനുള്ള അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും അന്ധവിശ്വാസ പ്രചരണത്തിനായി ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതും മൂന്നുവർഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമായാണ് ബില്ലിൽ പറയുന്നത്.
ബില്ലിൽ പരാമർശിച്ചിരിക്കുന്ന ദുർമന്ത്രവാദ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്നും സംസ്ഥാന തലത്തിൽ എഡിജിപിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അംഗമായ നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതി അംഗങ്ങൾ.
English Summary
Details of the draft bill prepared by an expert committee constituted under the direction of the Kerala High Court regarding the law prohibiting black magic have been released. The draft bill primarily categorizes black magic-related offenses into three groups and proposes specific punishments for them. A total of 22 offenses are included in the bill. It recommends life imprisonment for acts such as human sacrifice, burying a person alive, and other actions resulting in death.