Ethanol Fuel: പെട്രോളിൽ അളവിൽ കൂടുതൽ എഥനോളുണ്ടോ? കേരളത്തിൽ പരിശോധന തുടങ്ങി
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തകാര്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങി. പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ അധികൃതർ ശേഖരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തകാര്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങി. പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ അധികൃതർ ശേഖരിക്കുന്നത്. തിരുവനന്തപുരം വഴയില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പ്, കവടിയാർ ഭാരത് പെട്രോളിയം കോർപ്പറേഷൻ പമ്പ് എന്നിവിടങ്ങളിൽ നിന്നാണ് ശേഖരിച്ചത്.
കണ്ണൂർ കോർപ്പറേഷൻ പരിസരത്തെ കണ്ണോത്തും ചാൽ എന്ന സ്ഥലത്തെ പമ്പിൽ നിന്നും കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നുമാണ് സാമ്പിളുകൾ എടുത്തത്. കോഴിക്കോട് എൻജിഒ കോട്ടേഴ്സിന് സമീപത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ നിന്നും സാമ്പിൾ ശേഖരിക്കുകയുണ്ടായി. വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കി 10 ദിവസത്തിനകം ഫലം അറിയാൻ കഴിയുമെന്നും തുടർ പരിശോധനകൾ ഉണ്ടാകും എന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ ഇന്ധന കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്കായി പെസോ അംഗീകൃത പ്രത്യേക ബോട്ടിലുകൾ ആണ് കൊണ്ടുവന്നിരുന്നത്.
Also Read: ഡ്രാഗൺ കുഞ്ഞല്ല, കല്യാണ വണ്ടിയാണ്! തീ തുപ്പിയ കാർ പിടിച്ചെടുത്ത് പോലീസ്, 20 വയസുകാരനെതിരേ കേസെടുത്തു
കർണാടകയിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തി എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കർണാടകയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് സ്വീകരിച്ച 63 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ബാംഗ്ലൂർ ഉൾപ്പെടെയുള്ള 7 ജില്ലകളിൽ എഥനോൾ അനുവദനീയമായ അളവിൽ കൂടുതൽ ഉണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃ കാര്യമന്ത്രി റിസ്വാൻ അർഷാദ് പറയുകയും നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ടുകളെ തള്ളി കേന്ദ്രസർക്കാർ
എന്നാൽ ഈ റിപ്പോർട്ടുകളെ കേന്ദ്രസർക്കാർ തള്ളി രംഗത്തെത്തുകയുണ്ടായി. രാജ്യത്ത് വിതരണം ചെയ്യുന്ന E 20 പെട്രോൾ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്നാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കുന്നത്. ഒക്ടോബറിൽ കർണാടക സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങൾ അംഗീകൃത നടപടിക്രമങ്ങൾ പ്രകാരമുള്ള പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് എണ്ണ കമ്പനികൾ വ്യക്തമാക്കി എന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഈ മൂന്ന് പൊതുമേഖല എണ്ണ കമ്പനികൾ ആണ് മന്ത്രാലയത്തിന് വിശദീകരണം കൊടുത്തിരുന്നത്.
English Summary
The Department of Food, Civil Supplies, and Consumer Affairs has initiated special inspections at petrol pumps across the state. The objective of these checks is to determine whether the petrol contains ethanol levels exceeding the permitted limit. Samples are being collected for testing from petrol pumps in major cities in Kerala, including Thiruvananthapuram, Ernakulam, Kozhikode, and Kannur.