Kerala Piravi Day 2026: ശ്യാമ സുന്ദര കേരകേദാര ഭൂമി…. കേരളത്തിന് 70ാം പിറന്നാൾ; ഇന്ന് കേരളപ്പിറവി
70th Kerala Piravi Day 2026: മാതൃഭാഷയുടെ മധുരവും കസവിന്റെ പ്രൗഢിയും സമന്വയിക്കുന്ന ഈ ചരിത്രദിനം ലോകത്ത് എവിടെയാണെങ്കിലും മലയാളികൾ ആഘോഷിക്കാൻ മറക്കില്ല. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ നാടിൻ്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ അതിൻ്റെ ചരിത്രവും പ്രത്യേകതയും നമ്മൾ അറിയാതെ പോകരുത്. വരും തലമുറയ്ക്ക് പകർന്ന് നൽകാൻ ആ സുവർണ നാളുകളുടെ ഓർമകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം.

പ്രതീകാത്മക ചിത്രം
“ശ്യാമ സുന്ദര കേരകേദാര ഭൂമി…” 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപീകൃതമായതിന്റെ 70-ാം ജന്മദിനം ഇന്ന് കേരളീയർ പ്രൗഢിയോടെ ആഘോഷിക്കുകയാണ്. മാതൃഭാഷയുടെ മധുരവും കസവിന്റെ പ്രൗഢിയും സമന്വയിക്കുന്ന ഈ ചരിത്രദിനം ലോകത്ത് എവിടെയാണെങ്കിലും മലയാളികൾ ആഘോഷിക്കാൻ മറക്കില്ല. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ നാടിൻ്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ അതിൻ്റെ ചരിത്രവും പ്രത്യേകതയും നമ്മൾ അറിയാതെ പോകരുത്. വരും തലമുറയ്ക്ക് പകർന്ന് നൽകാൻ ആ സുവർണ നാളുകളുടെ ഓർമകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം.
ALSO READ: ‘എൻ്റെ ഭാഷ, എൻ്റെ മണ്ണ്, എൻ്റെ അഭിമാനം!’; പ്രിയപ്പെട്ടവർക്ക് കേരളപ്പിറവി ആശംസകൾ നേരാം
കേരളപ്പിറവിയുടെ ചരിത്രം
കേരള, കേരളം എന്ന പേര് മാറ്റത്തിന് ശേഷമുള്ള ആദ്യ പിറവി എന്നതാണ് ഇക്കൊല്ല ഏറ്റവും വലിയ പ്രത്യേകത. 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപീകരിച്ചത്. നമ്മുടെ സ്വന്തം കേരളത്തിന് ഇന്ന് 70 വയസ്സ് തികയുകയാണ്. സപ്തതിയുടെ നിറവിലുള്ള മലയാള നാട്ടിൽ പിറന്നതിലും ജീവിക്കുന്നതിലും ഓരോ നിമിഷവും അഭിമാനിക്കുന്നവരാണ് നമ്മൾ മലയാളികൾ.
എല്ലാ വർഷവും നവംബർ ഒന്നിനാണ് നമ്മൾ കേരളപ്പിറവി ദിനം ആചരിക്കുന്നത്. 1956 നവംബർ 1-ന് ഫസൽ അലി കമ്മീഷന്റെ ശുപാർശയോടെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ ഒന്നിച്ചുചേർന്ന് ഐക്യകേരളം പിറവികൊണ്ടു. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത, സാമൂഹിക പരിഷ്കരണം എന്നിവയിൽ ലോക ശ്രദ്ധയാകർഷിച്ച സവിശേഷമായ ‘കേരള മോഡൽ’ വികസനപാതയിൽ 70 വർഷം നമ്മൾ വിജയകരമായി പൂർത്തിയാക്കുകയാണ് ഇന്ന്.
ഏകദേശം 580 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിലെ 14 ജില്ലകളിൽ 9 ജില്ലകൾ കടലിനോട് ചേർന്നുക്കിടക്കുന്നവയാണ്. 44 നദികൾ കേരളത്തിലൂടെ ഒഴുകുന്നതിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്ന് എണ്ണം കിഴക്കോട്ടുമാണ് ഒഴുകുന്നത്. തീരസമതലങ്ങൾ, ഇടനാട്, ഹൈറേഞ്ച്/മലയോര മേഖലകൾ എന്നിങ്ങനെ മൂന്നു പ്രധാന മേഖലകളായി തിരിച്ചതാണ് നമ്മുടെ ഈ കൊച്ചു കേരളം. 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമമാണ് കേരളത്തിന്റെ രൂപീകരണത്തിനും മറ്റു പല സംസ്ഥാനങ്ങളുടെ രൂപീകരണത്തിനും ആധാരമായത്.
എന്നാൽ കേരളം രൂപംകൊണ്ടതിന് ശേഷം ചില പ്രദേശങ്ങൾ നമ്മുടേത് അല്ലാതായി മാറുകയുണ്ടായി. അതായത് തമിഴ്നാടിൻ്റെ കന്യാകുമാരി ജില്ല. തിരുവിതാംകൂറിൽ നിന്ന് വേർപെടുത്തിയ തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാല് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനത്തോട് ചേർന്നു മാറുകയാണ് ഉണ്ടായത്. രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു നമ്മുടെ കേരളം.
കേരളപ്പിറവി ആശംസകൾ
- എല്ലാ മലയാളി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ
- ഒരു മലയാളിയായി ജനിച്ചതിൽ അഭിമാനിക്കാം. എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ
- മലയാള നാടിന് ഇന്ന് 70 വയസ്സ്. ഏവർക്കും കേരളപ്പിറവി ആശംസകൾ
- കേരളം ഇന്ന് 70ൻ്റെ നിറവിൽ, ഏവർക്കും കേരളപ്പിറവി ആശംസകൾ
- ദൈവത്തിൻ്റെ സ്വന്തം നാടിന് എഴുപതാം പിറന്നാൾ. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ
English Summary:
Kerala marks its landmark 70th Formation Day on November 1 2026, commemorating the historical unification of Malabar, Cochin, and Travancore in 1956 into a single linguistic state.