Kerala Census 2027: സെൻസസ് വിവരങ്ങൾ നിങ്ങൾക്ക് തന്നെ രേഖപ്പെടുത്താം; സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ
Kerala Census Self-enumeration 2027: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിൻ്റെ ഭാഗമായി ഓൺലൈൻ വഴി വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുങ്ങുന്നത്. സെൻസസ് ഉദ്യോഗസ്ഥർ ഓരോ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിലൂടെ സെൽഫ് എന്യുമറേഷൻ വഴി നേരിട്ട് സമർപ്പിക്കാവുന്നതാണ്. പേപ്പർ രഹിതവും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിൻ്റെയും ഭാഗമായാണ് ഇത്തവണ സെൽഫ്-ഇന്യൂമറേഷൻ കൊണ്ടുവന്നിരിക്കുന്നത്.
സെൻസസ്-2027ൻ്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ (Kerala Census Self-enumeration) നടപടികൾക്ക് കേരളത്തിൽ തുടക്കമാകുകയാണ്. പൊതുജനങ്ങൾക്ക് സ്വന്തമായി അവരവരുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിനെയാണ് സെൽഫ് എന്യൂമറേഷൻ എന്ന് പറയുന്നത്. ജൂൺ മാസം മുതൽ കേരളത്തിൽ ഈ സൗകര്യം ലഭ്യമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. 2026 ജൂൺ 16 മുതൽ 30 വരെയാണ് സെൽഫ് എന്യൂമറേഷൻ വഴി നിങ്ങളുടെ വിവരങ്ങൾ നൽകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിൻ്റെ ഭാഗമായി ഓൺലൈൻ വഴി വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുങ്ങുന്നത്. സെൻസസ് ഉദ്യോഗസ്ഥർ ഓരോ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിലൂടെ സെൽഫ് എന്യുമറേഷൻ വഴി നേരിട്ട് സമർപ്പിക്കാവുന്നതാണ്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ ഓൺലൈനിലൂടെ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഓൺലൈനിലൂടെ എങ്ങനെ വിവരങ്ങൾ സമർപ്പിക്കാം
https://se.census.gov.in എന്ന സെൻസസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലിലൂടെ മാത്രമെ നിങ്ങൾക്ക് സെൻസസ് വിവരങ്ങൾ നൽകാൻ സാധിക്കൂ. കുടുംബനാഥൻ്റെ പേരും മൊബൈൽ നമ്പറും നൽകിയാണ് ഈ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യേണ്ടത്. നിങ്ങൾ നൽകുന്ന മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒടിപി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ ഏതാണോ അത് പിന്നീട് മാറ്റാൻ സാധിക്കില്ല.
പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തുക. സെൻസസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും കൃത്യമായി വായിച്ച് അതിനുള്ള വിവരങ്ങൾ നൽകി പൂർണമായും പരിശോധിച്ച ശേഷം മാത്രമെ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാവൂ. മിക്ക ചോദ്യങ്ങളും ഓപ്ഷനോട് കൂടിയാകും ചോദിച്ചിരിക്കുന്നത്. വിവരങ്ങൾ നൽകി കഴിഞ്ഞാൽ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-ഇന്യൂമറേഷൻ ഐഡി (എസ്ഇ ഐഡി) നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഈ ലഭിക്കുന്ന ഒരു കാരണവശാലും കളയരുത്. കാരണം സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ മാത്രം മതിയാകും. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് പിന്നീട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടി വരില്ല. ജൂൺ 30-നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്-ഇന്യൂമറേഷൻ പ്രക്രിയയിലൂടെ സെൻസസ് നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല. എന്നാൽ സെൽഫ്-ഇന്യൂമറേഷൻ വഴി വിവരങ്ങൾ നൽകാത്തവരുടെ രേഖകൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.
സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ അറിയിച്ചു. ഉദ്യോഗസ്ഥർ വരുമ്പോൾ വീട്ടിൽ ഇല്ലാത്തവർക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് സെൽഫ്-ഇന്യൂമറേഷൻ. ജൂൺ 16 മുതൽ 30 വരെ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. പേപ്പർ രഹിതവും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിൻ്റെയും ഭാഗമായാണ് ഇത്തവണ സെൽഫ്-ഇന്യൂമറേഷൻ കൊണ്ടുവന്നിരിക്കുന്നത്.