Ration Shop: പാല്‍, പാചക വാതകം, പലചരക്ക് സാധനങ്ങള്‍…സ്മാർട്ട് ആകാൻ റേഷൻ കടകളും
Kerala Government's Vision 2031 project: നവീകരിച്ച ഔട്ട്‌ലെറ്റുകള്‍ വണ്‍-സ്റ്റോപ്പ് സൗകര്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Ration Shop
കൊച്ചി: സംസ്ഥാനത്തെ റേഷൻ കടകൾ സ്മാർട്ട് റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റാഴ വിഷന്‍ 2031 പദ്ധതിയുമായി സര്‍ക്കാര്‍. പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവയുള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന വിധത്തില്‍ റീട്ടൈല്‍ ഔട്ട്‌ലറ്റുകളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന് പുറമേ റേഷന്‍ കടകളിലൂടെ മില്‍മ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യന്‍ ഓയില്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും വീട്ടുപകണങ്ങള്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ആധുനിക ബില്ലിംഗ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഇന്‍വെന്ററി മാനേജ്‌മെന്റ് തുടങ്ങിയവയും വിഷന്‍ 2031 ലക്ഷ്യമിടുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി വിഷന്‍ 2031 നടപ്പാക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുന്ന (2025-26) ആദ്യ ഘട്ടത്തില്‍ അഞ്ച് 5 ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പിലാക്കാനുമാണ് പദ്ധതിയിടുന്നത്.
നവീകരിച്ച ഔട്ട്‌ലെറ്റുകള്‍ വണ്‍-സ്റ്റോപ്പ് സൗകര്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 94,31,027 സാധുവായ റേഷന്‍ കാര്‍ഡുകളും 13,872 റേഷന്‍ കടകളുമാണുള്ളത്. ഇവയെ സപ്ലൈക്കോയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
സപ്ലൈകോയുടെ 17 സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകളിലേക്കും എത്തിക്കും. ക്രെഡിറ്റ് വ്യവസ്ഥയില്‍ ആയിരിക്കും സഹകരണം. മില്‍മയുമായി സഹകരിച്ച് പാലും മറ്റ് മൂല്യവര്‍ധിത ഉല്‍പനങ്ങളും റേഷന്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കും. ചെറുകിട ബാങ്കിങ് സേവനം, പാചക വാതക വിതരണം തുടങ്ങിയ സംവിധാനങ്ങളും റേഷന്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കാനാണ് നീക്കമെന്നും മന്ത്രി പറയുന്നു.