Kerala High Court Dress Code: ‘കറുത്ത കോട്ടും ഗൗണും മാറ്റണം’; കേരള ഹൈക്കോടതിയിൽ അഭിഭാഷകർ, കാരണം പൊള്ളുന്ന ചൂട്
Kerala HighCourt Lawyers Dress Code : കഴിഞ്ഞ വർഷവും സമാനമായ ആവശ്യത്തിൽ ഹൈക്കോടതി നടപടി സ്വീകരിച്ചിരുന്നു. വേനൽചൂടിൻറെ കാഠിന്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

കൊച്ചി: കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി അഭിഭാഷകർ. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഇക്കാര്യം ചൂണ്ടികാട്ടി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാൽ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നൽകണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ വർഷവും സമാനമായ ആവശ്യത്തിൽ ഹൈക്കോടതി നടപടി സ്വീകരിച്ചിരുന്നു. വേനൽചൂടിൻറെ കാഠിന്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലായി മൂന്ന് പേർക്കാണ് ഇന്ന് സൂര്യാതപമേറ്റത്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. താപനില ഉയരുന്നതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് താപനിലാ മുന്നറിയിപ്പ് നൽകിയിരുന്നത്.
കൂടാതെ ഇന്ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 35°C വരെയും, വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33 °C വരെയും, ഇടുക്കി ജില്ലയിൽ 32 °C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് നിർദ്ദേശം.