AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voter List Revision Kerala: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമോ? യാഥാര്‍ത്ഥ്യം ഇതാണ്‌

Kerala Voter list update for local body election 2025: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ രണ്ടിന് പുറത്തുവിട്ടിരുന്നു. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കാന്‍ നിലവില്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ല

Voter List Revision Kerala: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമോ? യാഥാര്‍ത്ഥ്യം ഇതാണ്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 06 Sep 2025 | 07:04 PM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമുണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജപ്രചാരണം നടക്കുന്നത്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ ഒരു അറിയിപ്പും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടര്‍ പട്ടിക പുതുക്കാന്‍ ഒക്ടോബര്‍ വരെ അവസരമുണ്ടെന്ന പ്രചരണം വ്യാജമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ രണ്ടിന് പുറത്തുവിട്ടിരുന്നു. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കാന്‍ നിലവില്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ല. അത്തരം തീരുമാനങ്ങളെടുത്താല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് ഔദ്യോഗികമായി അറിയിക്കും.

തിരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടിക പുതുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് കമ്മീഷന്റെ വെബ്‌സൈറ്റ്, ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവ മാത്രം പിന്തുടരാം.

ആകെ 2.83 കോടി വോട്ടര്‍മാര്‍

സെപ്തംബര്‍ രണ്ടിന് പുറത്തുവിട്ട വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,472 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,33,52,951 പുരുഷന്മാരും 1,49,59,245 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ പതിനെട്ട് വയസ് പൂര്‍ത്തിയായവരെയാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഡ് പുനര്‍ വിഭജനത്തിന് ശേഷമുള്ള പോളിങ് സ്‌റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കരട് വോട്ടര്‍പട്ടികയെക്കുറിച്ചുള്ള പരാതികള്‍, അപേക്ഷകള്‍ എന്നിവ പരിശോധിച്ചതിന് ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. ഓഗസ്ത് 12 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചു. ജൂലൈ 23നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 29,81,310 പുതിയ അപേക്ഷകര്‍ പേര് ചേര്‍ക്കാനുണ്ടായിരുന്നു. sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വോട്ടര്‍ പട്ടിക പരിശോധിക്കാം.