Kerala local body election counting: എങ്ങനെയാണ് വോട്ടെണ്ണൽ നടക്കുക, കേരളം കാത്തിരിക്കുന്ന ഫലം നാളെ അറിയാം
Kerala Local Body Election Results 2025: ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഓരോ ബൂത്തും എണ്ണിത്തീരുമ്പോൾ വോട്ടുനില തിരഞ്ഞെടുപ്പു കമ്മിഷന്റെ ട്രെൻഡ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

Kerala Local Body Election
തിരുവനന്തപുരം: കേരളത്തിലെ മുന്നണികളുടെ ചങ്കിടിപ്പേറ്റുന്ന വാശിയേറിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സെമിഫൈനൽ മത്സരത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ വോട്ടുകളുമാണ് എണ്ണുക.
പോസ്റ്റൽ ബാലറ്റുകൾ ആദ്യം
ആദ്യം അതത് വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും ജില്ലാ പഞ്ചായത്തുകളുടേത് അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലുമായിരിക്കും എണ്ണുക.
പോസ്റ്റൽ ബാലറ്റ് എണ്ണിയ ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി സ്ട്രോങ് റൂമുകളിൽനിന്ന് കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് ടേബിളുകളിൽ എത്തിക്കുക. സ്ട്രോങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൽത്തന്നെ ആയിരിക്കും എണ്ണുക.
ഫലം രേഖപ്പെടുത്തൽ
ഓരോ കൺട്രോൾ യൂണിറ്റിലെയും വോട്ടുകൾ എണ്ണുന്നതിന് മുൻപ് സീലുകൾ, സ്പെഷൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയും കൗണ്ടിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തും.
Also Read: കൂസലില്ലാതെ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; ശിക്ഷാവാദം കഴിഞ്ഞു, വിധി കാത്ത് കേരളം
കൺട്രോൾ യൂണിറ്റിൽനിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുവിവരം ലഭിക്കും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾത്തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും.
ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഓരോ ബൂത്തും എണ്ണിത്തീരുമ്പോൾ വോട്ടുനില തിരഞ്ഞെടുപ്പു കമ്മിഷന്റെ ട്രെൻഡ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും ട്രെൻഡിൽ തത്സമയം അറിയാൻ സാധിക്കും.
കൗണ്ടിങ് കേന്ദ്രത്തിൽ പ്രവേശനം
കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്‌ഷൻ ഏജന്റുമാർ, കൗണ്ടിങ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.