Market Price: വിലയിൽ പൊള്ളിച്ച് മീൻ, പച്ചക്കറി, വെളിച്ചെണ്ണ വേറെ…..ഇന്നത്തെ വില നിരക്ക്
Kerala Market Price Today: വേനൽക്കാലത്ത് ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ, നാരങ്ങ തുടങ്ങിയവയുടെ വില ഉയർന്നു, ലഭ്യത കുറഞ്ഞതോടെ മീൻ വിലയും കൂടി. പച്ചക്കറി വിലയിലും ചാഞ്ചാട്ടം തുടരുന്നുണ്ട്. ഇന്ന് മാർക്കറ്റിൽ പോയി ആവശ്യമുള്ളവ വാങ്ങിച്ച് കഴിഞ്ഞാൽ പോക്കറ്റ് കാലിയാകുമോ എന്ന സംശയമുണ്ടോ?
പശ്ചിമേഷ്യൻ സംഘർഷങ്ങളും കൊടുംവേനലും കേരളത്തിലെ മാർക്കറ്റുകളെ ബാധിച്ചിട്ട് ദിവസങ്ങളേറെയായി. വേനൽക്കാലത്ത് ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ, നാരങ്ങ തുടങ്ങിയവയുടെ വില ഉയർന്നു, ലഭ്യത കുറഞ്ഞതോടെ മീൻ വിലയും കൂടി. പച്ചക്കറി വിലയിലും ചാഞ്ചാട്ടം തുടരുന്നുണ്ട്. ഇന്ന് മാർക്കറ്റിൽ പോയി ആവശ്യമുള്ളവ വാങ്ങിച്ച് കഴിഞ്ഞാൽ പോക്കറ്റ് കാലിയാകുമോ എന്ന സംശയമുണ്ടോ? പച്ചക്കറി, മീൻ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവയുടെ ഇന്നത്തെ നിരക്ക് പരിശോധിച്ചാലോ…
പൊള്ളിച്ച് മീൻ വില
ചൂട് കാലത്ത് ലഭ്യത കുറഞ്ഞതോടെ മീൻ വില കുതിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കടലിലും കായലിലും ചൂട് കൂടിയതാണ് മീൻ ലഭ്യതയെ ബാധിച്ചത്. താപനില ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോവുകയാണ്. നിലവിൽ അയക്കൂറ കിലോയ്ക്ക് 1100 – 1300 രൂപ വരെയാണ് വില. കിളിമീൻ 280 -300, അയല 280 – 300, മത്തി വലുതിന് 260, ചെറുതിന് നൂറ് രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ചെമ്മീൻ വലുതിന് 600 രൂപ, ചെറുതിന് 280 മുതലാണ് വില വരുന്നത്. സ്രാവ് 300 – 400, കേര 300, കൂന്തൽ- 360 – 400, ഞണ്ട് വലുതിന് 340 – 350 എന്നിങ്ങനെയാണ് വില വരുന്നത്. കൊടും ചൂട് തുടരുകയാണെങ്കിൽ മീൻ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.
പച്ചക്കറി പ്രശ്നമാ…
വിഷു കഴിഞ്ഞിട്ടും പച്ചക്കറി വിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. വിവിധ മാർക്കറ്റുകളിലെ ലഭ്യമായ വിവരങ്ങളനുസരിച്ച് ഏകദേശ കണക്ക് അനുസരിച്ച് സവാള 20 – 25, ചെറിയ ഉള്ളി 50 – 55, തക്കാളി 45 – 50, ഉരുളക്കിഴങ്ങ് 30 – 35, വെണ്ടയ്ക്ക 45 – 52, പാവയ്ക്ക 55 – 65, പയർ 55 – 65, ക്യാരറ്റ് 45 – 55, കാബേജ് 25 – 35, മുരിങ്ങയ്ക്ക 40 – 50, പച്ചമുളക് 35 – 45, ഇഞ്ചി 75 – 85 രൂപ എന്നിങ്ങനെയാണ് വില.
ALSO READ: വെളിച്ചെണ്ണ വില ഉയരുമോ, തമിഴ്നാടിന്റെ ആ നീക്കം പണിയാകും!
പച്ചക്കറികൾ ഏറ്റവും കൂടുതൽ വരുന്ന കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കടുത്ത വേനലാണ് പച്ചക്കറി വില ഉയരാൻ പ്രധാന കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഉൽപാദനം കുറഞ്ഞതോടെ വില മുന്നേറാനും തുടങ്ങി. ചെറുനാരങ്ങ വിലയും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ മാസം 50 – 60 രൂപ ഉണ്ടായിരുന്നിടത്ത് നിലവിൽ ഇരുന്നൂറ് രൂപയിൽ മുകളിലാണ് മൊത്ത വില.
വലുപ്പവും ഗുണനിലവാരവും അനുസരിച്ച് വില മാറിയേക്കാം. ഒരു ചെറു നാരങ്ങയ്ക്ക് 10 രൂപയിൽ കൂടുതൽ കൊടുക്കേണ്ടി വരും. കൂടാതെ, നാരങ്ങ വെള്ളത്തിനും സോഡാ വെള്ളത്തിനും വില കൂടി. 15 രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളത്തിന് 20 രൂപയായി.
വെളിച്ചെണ്ണയിൽ ആശ്വസിക്കാം
വെളിച്ചെണ്ണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഗുണനിലവാരവും ബ്രാൻഡും അനുസരിച്ച് ചില്ലറ വിപണിയിൽ മാറ്റം വരുന്നതാണ്. ലിറ്ററിന് 315 മുതൽ 370 രൂപ വരെയാണ് വില. അതേസമയം, മില്ലുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന വെളിച്ചെണ്ണയ്ക്ക് പാക്കറ്റ് എണ്ണയേക്കാൾ വില അൽപം കൂടുതലായിരിക്കും.