Kerala Monsoon: ആൻഡമാൻ കടലിൽ കാലവർഷമെത്തി; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Monsoon 2025 Updates: ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ തീരം തൊട്ടതായി കേന്ദ്ര കാലവസ്ഥ വകുപ്പ്. ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെയോടെ എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രണ്ട് ദിവസമായി ദ്വീപുകളിൽ വ്യപകമായി മഴയാണ്. കഴിഞ്ഞ ദിവസം ചിലയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു.
വരുന്ന മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആൻഡമാനിൽ എത്തിയതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് കാലവർഷം കേരളത്തിലെത്തുക. ഇത് പ്രകാരം മെയ് 27 -ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് നിഗമനം. ഇത് അഞ്ചു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.