kerala Monsoon : മഴ കുറഞ്ഞാൻ മെട്രോയിൽ കുട മറക്കും, കൊച്ചി മെട്രോയിൽ നിന്ന് ഒരു വർഷം കിട്ടിയ കുടയുടെ കണക്ക് അറിയണോ?
Kochi Metro in Monsoon: നേരത്തെ എത്തിയ കാലവർഷം സംസ്ഥാനത്ത് മെയ് അവസാനവാരത്തിൽ കനത്ത മഴയ്ക്ക് കാരണമായതിന് പിന്നാലെ, മഴ കുറഞ്ഞ മെയ് 30, 31 തീയതികളിൽ മാത്രം പത്തോളം കുടകളാണ് മെട്രോ അധികൃതർക്ക് ലഭിച്ചത്.

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായ കുടകൾ, മഴ മാറുമ്പോൾ പലപ്പോഴും യാത്രക്കാർക്ക് ഒരു ബാധ്യതയായി മാറാറുണ്ട്. കൊച്ചി മെട്രോയിൽ യാത്രക്കാർ മറന്നു വെക്കുന്ന കുടകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി മെട്രോ അധികൃതർ വെളിപ്പെടുത്തുന്നു. നേരത്തെ എത്തിയ കാലവർഷം സംസ്ഥാനത്ത് മെയ് അവസാനവാരത്തിൽ കനത്ത മഴയ്ക്ക് കാരണമായതിന് പിന്നാലെ, മഴ കുറഞ്ഞ മെയ് 30, 31 തീയതികളിൽ മാത്രം പത്തോളം കുടകളാണ് മെട്രോ അധികൃതർക്ക് ലഭിച്ചത്. വൈറ്റിലയിൽ നിന്ന് ആറെണ്ണവും കടവന്ത്രയിൽ നിന്ന് നാലെണ്ണവുമാണ് ഇങ്ങനെ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ പ്രവണത ഈ വർഷവും തുടരുമെന്ന ആശങ്കയിലാണ് അധികൃതർ.
കഴിഞ്ഞ വർഷത്തെ കണക്കുകൾ ഞെട്ടിക്കുന്നത്
കഴിഞ്ഞ വർഷം കൊച്ചി മെട്രോയിൽ നിന്ന് ആകെ 766 കുടകളാണ് കണ്ടെത്തിയത്. എന്നാൽ ഇതിൽ വെറും 30 എണ്ണം മാത്രമാണ് ഉടമസ്ഥർക്ക് തിരികെ ലഭിച്ചത്. വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെ മെട്രോയുടെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കുടകൾ മാത്രമല്ല, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും
കുടകൾ മാത്രമല്ല, ഹെൽമറ്റ്, പണം, വാച്ച്, ബാഗ്, രേഖകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയും മെട്രോയിൽ നിന്ന് ഉടമസ്ഥരില്ലാത്ത നിലയിൽ ലഭിക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. മതിയായ രേഖകൾ സഹിതം ഉടമസ്ഥർക്ക് ഇവ തിരികെ സ്വന്തമാക്കാൻ അവസരമുണ്ട്.
Also read – നിലമ്പൂരിൽ അവസാന ദിവസം ആദ്യം പത്രിക നൽകിയത് എം സ്വരാജ്, അപരനുള്ളത് അൻവറിനു മാത്രം
കണ്ടെത്തുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്ന രീതി
ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷൻ കൺട്രോളർക്ക് കൈമാറും. ഈ വിവരങ്ങൾ ഡാറ്റാബേസിൽ രേഖപ്പെടുത്തി സുക്ഷിക്കുന്നതാണ് രീതി. പിന്നീട്, കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വസ്തുക്കൾ കണ്ടെത്തിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഉടമസ്ഥർ എത്തിയില്ലെങ്കിൽ, അത് മുട്ടത്തുള്ള ‘ഡി-കോസ്’ (D-CoS) കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന്, എല്ലാ വർഷവും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം ലേലത്തിലൂടെ ഇവ നീക്കം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.