AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Driving Test: പാര്‍ക്ക് ചെയ്യാനും പഠിക്കണം; റോഡ് ടെസ്റ്റ് കര്‍ശനമാക്കുന്നു

Kerala Driving License Test New Rules: പരിശീലനം നല്‍കാത്ത ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കണമെന്നും അവര്‍ അംഗീകൃത റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാമില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Driving Test: പാര്‍ക്ക് ചെയ്യാനും പഠിക്കണം; റോഡ് ടെസ്റ്റ് കര്‍ശനമാക്കുന്നു
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Updated On: 24 Oct 2025 09:53 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കാനാണ് നീക്കം. കാല്‍നടയാത്രക്കാരുടെ ഉള്‍പ്പെടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് പാര്‍ക്കിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒകള്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവിങ് സ്‌കൂളുകള്‍ പാര്‍ക്കിങ്ങില്‍ പരിശീലനം നല്‍കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

പരിശീലനം നല്‍കാത്ത ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കണമെന്നും അവര്‍ അംഗീകൃത റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാമില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി നടത്തുന്ന പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

കാല്‍നടയാത്രക്കാരുടെ കാഴ്ച മറച്ചുകൊണ്ടും സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ടുമാണ് പല വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. ഇത്തരം പാര്‍ക്കിങ്ങുകള്‍ പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ ഉപയോഗിക്കുന്നവര്‍, ഇരുചക്രവാഹന യാത്രക്കാര്‍ എന്നിവര്‍ അപകട സാധ്യതയുള്ള റോഡ് ഉപയോക്താക്കള്‍ എന്ന വിഭാഗത്തിലാണ് വരുന്നത്. റോഡുകളില്‍ ഇവര്‍ക്കാണ് കൂടുതല്‍ മുന്‍ഗണനയുള്ളതും. ഓട്ടോറിക്ഷകള്‍, കാറുകള്‍, ചരക്ക് വാഹനങ്ങള്‍, ഭാരവാഹനങ്ങള്‍ എന്നിവ അവരുടെ സുരക്ഷയെ മാനിക്കണം.

Also Read: Kerala Driving Test New Format: ലേണേഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം പ്രൊബേഷന്‍ പിരീഡ്; ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിക്കും

കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, ഇരുചക്ര വാഹന യാത്രികര്‍ എന്നിവരെ ഹോണ്‍ മുഴക്കി ഭയപ്പെടുത്താനും പാടില്ല. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഹോണ്‍ ഉപയോഗിക്കുക. അവരുടെ ചലനങ്ങള്‍ മുന്‍കൂട്ടി കണ്ട് റോഡുകളില്‍ വാഹനം ഓടിക്കുകയെന്നും എംവിഡി പറയുന്നു.